കൊണ്ടോട്ടി നഗരസഭ പരിധിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കും
text_fieldsകൊണ്ടോട്ടി: കിഫ്ബി, അമൃത് പദ്ധതികള്‍ പ്രകാരം കൊണ്ടോട്ടി നഗരസഭ പരിധിയില്‍ നടപ്പാക്കുന്ന ജലവിതരണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നഗരസഭാധികൃതരുടെയും സംയുക്ത യോഗത്തില്‍ തീരുമാനം.
കൊണ്ടോട്ടി നഗരസഭക്ക് മാത്രമായി കിഫ്ബിയില്‍നിന്നും 108 കോടി രൂപയാണ് കുടിവെള്ള പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇത് അഞ്ച് പാക്കേജുകളാക്കി തിരിച്ചാണ് പദ്ധതി ആവിഷകരിച്ചത്.നിലവില്‍ ചീക്കോട് പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച പമ്പിങ് സ്റ്റേഷനില്‍നിന്ന് 16.85 കോടി രൂപയുടെ ഒന്നാം പാക്കേജ് പൂര്‍ത്തീകരിച്ച് കഴിഞ്ഞു.രണ്ടും മൂന്നും പാക്കേജുകളില്പെട്ട 14.9 കോടി രൂപയുടെയും 13.04 കോടി രൂപയുടെയും 90 ശതമാനത്തിലധികം പ്രവൃത്തികളും പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി.
മേലങ്ങാടി ടാങ്ക്, വിതരണ പൈപ്പ്ലൈന്, കുമ്പളപ്പാറ, കാളോത്ത് ടാങ്കുകള്‍, ചീക്കോട് നിന്നുള്ള പ്രധാന പൈപ്പ്ലൈന് പ്രവൃത്തികള്‍ എന്നിവ പൂര്‍ത്തിയാക്കിയതില്‍ ഉള്‍പ്പെടും. നഗരസഭ പരിധിയില്‍ ഏറ്റവും കൂടതല്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന എന്‍.എച്ച് കോളനി, കോട്ടാശ്ശേരി, മുസ്ലിയാരങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള 21.61 കോടി രൂപയുടെ ടെൻഡര്‍ നാലുതവണ വിളിച്ചിട്ടും ആരും എടുത്തിട്ടില്ല. അഞ്ചാം തവണ ടെൻഡര്‍ ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ തുക അധികമായതിനാല അധികൃതര്‍ നിരസിച്ചു.
ഇതേതുടര്‍ന്ന് ഈ കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചചെയ്യാന്‍ എം.എല്‍.എയുടെ നിർദേശപ്രകാരം തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് സെപ്റ്റംബര്‍ അഞ്ചിന് ഇന്നത യോഗം വിളിച്ചിട്ടുണ്ട്.നാലാം പാക്കേജില്‍ ദേശീയപാതയില്‍ മുസ്ലിയാരങ്ങാടി മുതല്‍ കൊട്ടപുറം വരെ എട്ട് കിലോമീറ്റര്‍ ദൂരം റോഡിന്റെ ഇരുഭാഗങ്ങളിലും പൈപ്പിടുന്നതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നില്ല.
എന്നാല്‍ എം.എല്‍.എ, ജലവിഭവ മന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ഇടപെടല്‍കാരണം കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടതിനെ തുടര്‍ന്ന് കടുത്ത നിബന്ധനകളോടെ അനുമതിയായിട്ടുണ്ട്.ദേശീയപാതയില്‍ സ്റ്റാര്‍ ജങ്ഷനില്‍ ഒരു ക്രോസിങ്ങിന് അനുമതി ലഭിച്ചാല്‍ തന്നെ മേലങ്ങാടി ടാങ്കില്‍നിന്ന് നിരവധി പേര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിനാൽ ഇതിന്റെ നടപടി ക്രമങ്ങള്‍ വേഗത്തിലാകുന്ന തിന് ദേശീയപാത പ്രൊജക്ട് ഡയറക്ടറെ നേരില്‍ കാണാനും തീരുമാനമായി.
‘പദ്ധതിക്കെതിരെ അനാവശ്യ പ്രചാരണം ടെൻഡര്‍ എടുക്കാത്തതിന് കാരണമാകുന്നു’
കെണ്ടോട്ടി: പദ്ധതിക്കെതിരെ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നത് കരാറുകാര്‍ ടെൻഡര്‍ എടുക്കാത്തതിന് കാരണമാകുന്നുവെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഒറ്റക്കെട്ടായി നീങ്ങാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. പദ്ധതി പ്രവര്‍ത്തനം വേഗത്തിലാക്കാനും തടസ്സങ്ങള്‍ നീക്കി എന്‍.എച്ച് കോളനിയടക്കമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തില്‍ വെള്ളം നല്‍കുന്നതിന് നടപടി സ്വീകരിക്കാനും യോഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അമൃത് പദ്ധതിക്കുള്ള ഗുണഭോക്തൃ വിഹിതമായി നഗരസഭ വലിയ സംഖ്യ നല്കേണ്ടതിനാല് ഈ പദ്ധതി നടപ്പാക്കുന്ന മറ്റ് നഗരസഭകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായ 1,000 രൂപ ഗുണഭോക്തൃ വിഹിതമായി വാങ്ങാനുള്ള നഗരസഭയുടെ തീരുമാനത്തിന് യോഗം അംഗീകാരം നല്കി. അമൃത് പദ്ധതിയുടെ കണക്ഷന് അപേക്ഷിക്കുന്ന നടപടിക്രമങ്ങള്‍ ലഘൂകരിക്കും. വാര്‍ഡുകളില്‍ കണക്ഷന് നല്കുന്ന കാര്യത്തില്‍ പ്രതിസന്ധിയുള്ള ഭാഗത്ത് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരും നഗരസഭാധികൃതരും സംയുക്ത പരിശോധന നടത്തും.
എം.എല്‍.എക്ക് പുറമെ നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി, സ്ഥിരം സമിതി അധ്യക്ഷരായ എ. മുഹ്യുദ്ദീന്‍ അലി, അശ്റഫ് മടാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.വി.എ. ലത്തീഫ്, കെ.പി. ഫിറോസ്, പി.കെ. മോഹന്‍ദാസ്, അബ്ദുറഹ്മാന് (ഇണ്ണി), ഹബീബ് മണക്കടവന്‍, കെ.കെ. ആലിബാപ്പു, ഇ. കുട്ടന്, പി. ശങ്കരന്, എന്‍.കെ. റഷീദ്, സൈദലവി, വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എം.എസ്. അന്‍സാര്‍, അസി. എക്സിക്യൂട്ടിവ് എൻജിനിയര്‍ റഷീദലി, എ.ഇ. മുനീര്‍, നഗരസഭ സെക്രട്ടറി എച്ച്. സീന, എ.ഇ സി. അനീസ് എന്നിവര്‍ പങ്കെടുത്തു.t
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.