പ്രഖ്യാപനത്തിലൊതുങ്ങി കൊണ്ടോട്ടിയിലെ വിദ്യാഭ്യാസ സമുച്ചയം
text_fieldsകൊണ്ടോട്ടി: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഉപജില്ല വിദ്യാഭ്യാസ ഓഫിസും ബി.ആര്.സിയും ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത വിദ്യാഭ്യാസ സമുച്ചയ പദ്ധതി കൊണ്ടോട്ടിയില്‍ അനന്തമായി നീളുന്നു. കെട്ടിടമൊരുക്കുന്നതിനായി പഴയങ്ങാടിയില്‍ ബ്രിട്ടീഷുകാര്‍ നിർമിച്ച ടൂറിസ്റ്റ് ബംഗ്ലാവ് 2022 നവംബറില്‍ പൊളിച്ചു നീക്കുകയും ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസും കൊണ്ടോട്ടി ജി.എം.എല്‍.പി സ്കൂളും താൽകാലിക സംവിധാനങ്ങളിലേക്ക് മാറ്റുകയും ചെയ്തെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.
2021ലാണ് വിദ്യാഭ്യാസ സമുച്ചയ നിര്‍മാണത്തിന് 4.98 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രിട്ടീഷ് ടൂറിസ്റ്റ് ബംഗ്ലാവ് പൊളിച്ചു മണ്ണ് പരിശോധന പൂര്‍ത്തിയാകുന്നതോടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കെട്ടിടം പൊളിക്കലില്‍ കവിഞ്ഞ് കാര്യക്ഷമമായ നടപടികളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. അസൗകര്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസ് മേലങ്ങാടിയിലെ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പാചക പുരയോട് ചേര്‍ന്നുള്ള താൽകാലിക സംവിധാനത്തിലേക്കും വിദ്യാലയം കൊണ്ടോട്ടിയിലെ ഖാസിയാരകം മദ്റസയിലേക്കുമാണ് മാറ്റിയത്.
ഒരു വര്‍ഷത്തിനകം നിർമാണം പൂര്‍ത്തീകരിച്ച് വിദ്യാലയവും ഉപജില്ല വിദ്യാഭ്യാസ ഓഫിസും മൊറയൂരില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്.സി ഓഫിസും പുതിയ വിദ്യാഭ്യാസ സമുച്ചയത്തിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം ഒന്നര വര്‍ഷമായിട്ടും പ്രാവര്‍ത്തികമാകാതെ നീളുമ്പോള്‍ വരാനിരിക്കുന്ന പുതിയ അധ്യയന വര്‍ഷവും അഭയാര്‍ഥിത്വം പേറി മദ്റസ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കേണ്ട ഗതികേടാണ് കൊണ്ടോട്ടി ജി.എം.എല്‍.പി സ്കൂളിന്. 200ല്‍പരം വിദ്യാര്‍ഥികൾ പഠിക്കുന്ന കൊണ്ടോട്ടിയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം കൂടിയാണിത്.
നിർദിഷ്ട കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ വിദ്യാലയവും ആദ്യ നിലയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും രണ്ടാം നിലയില്‍ ബി.ആര്.സിയും ഒപ്പം മിനി കോണ്‍ഫറന്‍സ് ഹാളും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും ജി.എം.എല്‍.പി സികൂളിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും ഉപകരിക്കുന്ന കെട്ടിടത്തിന് ഇതുവരെ തറക്കല്ലിടാന്പോലുമാകാത്തതില് പ്രതിഷേധം ശക്തമാണ്. ജനപ്രതിനിധികളുടേയും പൊതുമരാമത്ത് വകുപ്പിന്റേയും അനാസ്ഥയാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.