രേഖകള്‍ സമര്‍പ്പിക്കുന്നതിൽ പിഴവ്; 480 പേര്‍ക്ക് വിധവ പെന്ഷന് മുടങ്ങി
text_fieldsകൊണ്ടോട്ടി: ഉദ്യോഗസ്ഥ തലത്തിലെ പിഴവിനാല്‍ കൊണ്ടോട്ടി നഗരസഭയില്‍ 480 പേര്‍ക്ക് വിധവ പെന്ഷന് മുടങ്ങി. പെര്ഷന് അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ സെക്രട്ടറിയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ചേര്‍ക്കുന്നത് വിട്ടുപോയതോടെ 480 ഗുണഭോക്താക്കള്‍ക്ക് പെന്ഷന് നിരസിക്കപ്പെട്ടിരിക്കുകയാണ്.
വിധവ പെന്ഷന് ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭയിലെ 40 വാര്‍ഡിലെയും കൗണ്‍സിലര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഇത് സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതിനിടെയാണ് ഗുരുതര അശ്രദ്ധയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പെന്ഷന് നിരസിക്കപ്പെട്ട സംഭവം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനിരിക്കെ, വിഷയത്തെ ഗൗരവത്തോടെയാണ് ഭരണ നേതൃത്വം കാണുന്നത്.
സംഭവത്തില്‍ വ്യക്തമായ മറുപടി ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കാരണം സംബന്ധിച്ചും പെന്ഷന് ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുത്തത് സംബന്ധിച്ചും രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപ്പെട്ട പെന്ഷന് തിരിച്ചുപിടിക്കാനുള്ള ശ്രമം നഗരസഭ ഭരണസമിതി ആരംഭിച്ചതായി നഗരസഭാധ്യക്ഷ അറിയിച്ചു. പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വഴി പ്രശ്നം ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. പ്രശ്ന പരിഹാരം വൈകുകയാണെങ്കില്‍ വകുപ്പ് മന്ത്രിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കാണാനാണ് ഭരണസമിതിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.