കരിപ്പൂർ റണ്‍വേ സുരക്ഷ മേഖല വിപുലീകരണം; പരാതികള്‍ കേള്‍ക്കാന്‍ ജനപ്രതിനിധികളെത്തി
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയുടെ സുരക്ഷ മേഖല വിപുലമാക്കാൻ വീണ്ടും സ്ഥലമേറ്റെടുക്കുമ്പോള്‍ തദ്ദേശീയര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ജനപ്രതിനിധികളെത്തി. കഴിഞ്ഞ ദിവസത്തെ ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ, നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി, സ്ഥിരംസമിതി അധ്യക്ഷര്‍ എന്നിവര്‍ പാലക്കാപ്പറമ്പ് മേഖലയില്‍ നേരിട്ടെത്തി ജനങ്ങളുമായി സംസാരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു.
വിമാനത്താവളത്തിനായി വീണ്ടും ഭൂമി ഏറ്റെടുക്കുമ്പോള്‍ വഴി നഷ്ടമാകുന്ന ആശങ്കയും ഭൂമിക്ക് നിശ്ചയിച്ച അടിസ്ഥാനവില പോരെന്ന വാദവും പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
നടപ്പാതകള്‍ പോലും ഇല്ലാതാക്കുന്ന ഭൂമിയേറ്റെടുക്കല്‍ അംഗീകരിക്കാനാകില്ലെന്നും ഭൂമിയുടെ അടിസ്ഥാന വിലയില്‍ നിലവില്‍ സ്വീകരിച്ച മാനദണ്ഡം മാറ്റി പരമാവധി തുക ലഭ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പരിശോധന നടപടികളുമായി സഹകരിക്കുന്നെങ്കിലും സെന്റിന് അഞ്ചുലക്ഷം രൂപയെങ്കിലും ലഭിക്കാതെ കിടപ്പാടം വിട്ടുപോകില്ലെന്ന നിലപാടിലാണ് സ്ഥലവാസികള്‍. ഇക്കാര്യം ജനപ്രതിനിധികളുമായും തദ്ദേശീയര്‍ പങ്കുവെച്ചു.
നെടിയിരുപ്പ് വില്ലേജില്‍ പൊതുസർവേ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓരോ കൈവശ ഭൂമികളിലേയും നഷ്ടം കണക്കാക്കാനുള്ള പരിശോധനകള്‍ക്കും ഇതിനിടെ തുടക്കമായി.
7.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നെടിയിരുപ്പ് പരിധിയില്‍ അവസാനദിവസം നടത്തിയ കണക്കെടുപ്പനുസരിച്ച് 60 സ്വകാര്യ ഭൂവുടമകളില്‍ നിന്നായി 30 താമസയോഗ്യമായ വീടുകളും രണ്ട് കോഫി ഷോപ്പുകളും ഒരു ഗോഡൗണും ടര്‍ഫ് മൈതാനവുമടക്കമുള്ള നിര്‍മിതികളാണ് നഷ്ടമാകുന്നത്. ഏറ്റെടുക്കേണ്ട ആകെ ഭൂമിയുടെ അളവാണ് ആദ്യം തിട്ടപ്പെടുത്തിയത്. ഇതിനുശേഷം ഓരോ ഭൂവുടമകളുടെയും അതിരുകള്‍ അടിസ്ഥാനമാക്കി പ്രത്യേകമായി റിപ്പോര്‍ട്ട് തയാറാക്കുന്ന പ്രവൃത്തികളാണ് തുടരുന്നത്.
വീടുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളുടെ വില പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗവും കാര്‍ഷിക വിളകളുടെ നഷ്ടം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും മറ്റു മരങ്ങളുടെ തുക വനം വകുപ്പും ഭൂവില റവന്യൂ വകുപ്പുമാണ് കണക്കാക്കുന്നത്. ഇതിന്റെ നടപടി ക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ ഭൂവുടമകള്‍ക്ക് വിശദീകരിച്ചു നല്‍കിയിരുന്നു.
ഈ കണക്കുകള്‍കൂടി ലഭ്യമാകുന്നതോടെയാണ് ഓരോ ഭൂവുടമകള്‍ക്കും ലഭിക്കുന്ന നിയമപരമായ നഷ്ടപരിഹാരം കണക്കാക്കുക.
ഇതിനുപുറമെ വീട് നഷ്ടമാകുന്നവര്‍ക്ക് 10 ലക്ഷം രൂപ പുനരധിവാസത്തിനും ലഭ്യമാക്കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.