നോമ്പു തുറക്കാം; നാരായണേട്ടന്‍റെ സ്‌നേഹവിഭവങ്ങള്‍ക്കൊപ്പം
text_fieldsപുളിക്കല്‍: നാരായണേട്ടന്‍ ഇത്തവണയും പതിവു തെറ്റിച്ചില്ല. കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കിയ ചെറുമുറ്റം വെരിക്കാട്-അട്ടവളപ്പില്‍ മസ്ജിദ് റഹ്മാനിയയിലെ നോമ്പുതുറയിലേക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നോമ്പുതുറ വിഭവങ്ങളുമായി വെട്ടുകാട് നാരായണനും കുടുംബവുമെത്തി. സാമൂഹിക സൗഹാർദാന്തരീക്ഷം നാട്ടിലുറപ്പാക്കാന്‍ വിശ്വാസത്തിലുപരി സഹിഷ്ണുതയുടെ പാഠമാണ് പുതുസമൂഹം പഠിക്കേണ്ടതെന്നും വിശുദ്ധ റമദാന്‍ ഇതിനു വഴികാട്ടിയാകണമെന്നും നാരായണന്‍ പറഞ്ഞു.
ഈത്തപ്പഴം, തണ്ണിമത്തന്‍ തുടങ്ങി ഫലങ്ങളും ജ്യൂസുകളും വീട്ടില്‍ തയാറാക്കിയ മറ്റു വിഭവങ്ങളുമായി നാരായണനും കുടുംബവും എത്തിയപ്പോള്‍ പള്ളി ഭാരവാഹികള്‍ നിറഞ്ഞ മനസ്സോടെ എതിരേറ്റു.
ഈ റമദാന്‍ തുടങ്ങിയതുമുതല്‍ നാരായണനും കുടുംബവും മാനവികതയുടെ ഈ ഉദാത്ത ദൗത്യത്തില്‍നിന്നു പിന്‍വാങ്ങിയില്ല. പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സജീവമായി ഇടപെട്ട് സഹായങ്ങള്‍ നല്‍കിയ നാരായണനും കുടുംബവും വര്‍ഗീയമായി സമൂഹത്തെ വിഭജിക്കരുതെന്നും വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സാമൂഹിക നന്മ ഊട്ടിയുറപ്പിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. നാരായണേട്ടന്‍ എത്തിച്ച വിഭവങ്ങള്‍ ഉസ്താദ് ഫര്‍സീന്‍ ജലാലി, കുഞ്ഞാന്‍ അട്ടവളപ്പില്‍, കമ്മുക്കുട്ടി മാസ്റ്റര്‍, പി. അബു മാസ്റ്റര്‍, അയക്കോടന്‍ യൂസഫ് മാസ്റ്റര്‍, റസീല്‍ വേരിലക്കാട്, പി.കെ. മുഹ്‌യിദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.