ചിറക് നല്കിയ പിതാവിനൊപ്പം സ്വയം പറത്തിയ വിമാനത്തില്‍ ഷബാബിന്റെ സ്വപ്നയാത്ര
text_fieldsകൊണ്ടോട്ടി: വിദേശത്ത് വ്യവസായിയായ പിതാവ് നീറാട് പാലക്കോടന്‍ മുസ്തഫക്കൊപ്പം കുട്ടിക്കാലം മുതല്‍ നിരവധി തവണ വിമാനയാത്ര ചെയ്തിട്ടുണ്ട് മകന് മുഹമ്മദ് ഷബാബ്. ഓരോ തവണ യന്ത്രപ്പക്ഷിയിലേറി ആകാശയാത്ര നടത്തുമ്പോഴും സ്വയം വിമാനം പറത്തണമെന്ന ആഗ്രഹമാണ് ഷബാബിന്റെ കുഞ്ഞു മനസ്സില്‍ മുളപൊട്ടിയത്. ഉന്നത പഠനത്തിന് സമയമെത്തിയപ്പോള്‍ ഈ ആഗ്രഹം ഷബാബ് പിതാവിനോട് പറയുകയും ചെയ്തു. മകന്റെ സ്വപ്നത്തിന് ചിറകുകള് നല്കാന് അദ്ദേഹം തയാറായതോടെ ഷബാബിന്റെ സ്വപ്നയാത്ര യാഥാര്‍ഥ്യമായി. സ്വയം പറത്തിയ വിമാനത്തില്‍ കോക്പിറ്റില്‍ പിതാവിനൊപ്പമിരുന്നുള്ള ആകാശയാത്ര.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലുള്ള മാക്മണ് ഏവിയേഷന്‍ അക്കാദമിയിലായിരുന്നു ഷബാബിന്റെ പഠനം. മൂന്നുവര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കി കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയെടുത്തു. അതിനുശേഷം ചെറിയ വിമാനത്തില്‍ നടത്തേണ്ട പരിശീലന പറക്കലിലാണ് കോക്പിറ്റില്‍ പിതാവിനേയുമിരുത്തി ആകാശത്തേക്കുയരാനുള്ള അപൂർവ സൗഭാഗ്യം ഷബാബിന് ലഭിച്ചത്. പൈപ്പര്‍ ചെറോക്കി എന്ന വിമാനത്തിലുള്ള യാത്ര നിശ്ചയദാര്‍ഢ്യത്താല്‍ ഷബാബ് വിജയകരമായി പൂര്‍ത്തിയാക്കി.
ജിദ്ദയിലെ സമ യുനൈറ്റഡ് ട്രേഡിങ് കമ്പനിയില്‍ മാനേജിങ് ഡയറക്ടറായ മുസ്തഫക്ക് മകനെ ബിസിനസിലേക്ക് കൊണ്ടുവരാനായിരുന്നു താൽപര്യം. എന്നാല്‍, ഷബാബിന്റെ വൈമാനികനെന്ന ആഗ്രഹമറിഞ്ഞപ്പോള്‍ മികച്ച പഠനകേന്ദ്രം തന്നെ കണ്ടെത്തി അവസരമൊരുക്കി. കഠിനമായ സാങ്കേതിക ക്ലാസുകളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് യുവാവ് ലക്ഷ്യസാക്ഷാത്കാരത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ലൈസന്‍സിന് ഇന്ത്യയിലെ ഡി.ജി.സി.എ അംഗീകാരം ലഭിക്കുന്നതോടെ മാത്രമേ യാത്രവിമാനങ്ങളുടെ പൈലറ്റാകാന്‍ സാധിക്കൂ. അതിനായുള്ള കാത്തിരിപ്പിലാണ് ഷബാബ്. ഷംസീറയാണ് മാതാവ്. ഷഹാന ഷെറിന്, മുഹമ്മദ് ഷബാസ് എന്നിവര്‍ സഹോദരങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.