ഹജ്ജ് തീര്‍ഥാടനം; ആദ്യ സംഘം കരിപ്പൂരില്‍നിന്ന് പുറപ്പെട്ടു
text_fieldsകൊണ്ടോട്ടി: പ്രാര്‍ഥനകൾ നിറഞ്ഞ അന്തരീക്ഷത്തിൽ സംസ്ഥാനത്തുനിന്നുള്ള ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് യാത്രതിരിച്ചു. പ്രത്യേകം ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 166 അംഗ സംഘം തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷം ഒരുമണിക്കാണ് യാത്രതിരിച്ചത്. 86 പുരുഷന്മാരും 80 വനിതകളുമാണ് ആദ്യ സംഘത്തിലുള്ളത്. ഹജ്ജ് മന്ത്രി വി. അബ്ദുറഹിമാന്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, എം.പിമാരായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, അഹമ്മദ് ദേവര്‍കോവില്‍, പി.ടി.എ. റഹീം, മുഹമ്മദ് മുഹ്സിന്, പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല, മറ്റു ജനപ്രതിനിധികള്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വിമാനത്താവള അധികൃതര്‍ തുടങ്ങിയവര്‍ തീര്‍ഥാടകരെ യാത്രയാക്കാനെത്തിയിരുന്നു. ഹാജിമാരേയും ഹജ്ജുമ്മമാരേയും യാത്രയാക്കാന്‍ ബന്ധുക്കളുള്‍പ്പെടെ നിരവധി പേരും ഹജ്ജ് ക്യാമ്പിലെത്തി.
തീർഥാടകർക്ക് ഊഷ്മള വരവേല്പ്
രാവിലെ പത്തോടെത്തന്നെ എത്തിത്തുടങ്ങിയ ആദ്യ തീര്‍ഥാടക സംഘത്തിന് വിമാനത്താവള പരിസരത്ത് ഹജ്ജ് കമ്മിറ്റിയുടേയും വിമാനത്താവള അധികൃതരുടേയും നേതൃത്വത്തില്‍ ഊഷ്മള വരവേല്പ് നല്കി. ടെര്‍മിനലിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് കൗണ്ടറില്‍നിന്ന് കവര്‍ നമ്പറുള്‍പ്പെടെ രേഖപ്പെടുത്തിയ ബാഡ്ജ് നല്കി പ്രത്യേക വാഹനത്തില്‍ തീര്‍ഥാടകരെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പില്‍ എത്തിച്ചു.
നിർദേശങ്ങളും യാത്രാരേഖകളും ക്യാമ്പില്‍നിന്ന് നല്കി. ഭക്ഷണത്തിനും വിശ്രമത്തിനും പ്രാര്‍ഥനകള്‍ക്കും ശേഷം രാത്രി എട്ടിന് ആദ്യസംഘത്തെ പ്രത്യേക വാഹനങ്ങളില്‍ വിമാനത്താവളത്തിലെത്തിച്ചു. ക്യാമ്പിന് പുറത്ത് ബന്ധുക്കള്‍ വികാരനിര്‍ഭര യാത്രയയപ്പാണ് ഓരോ തീര്‍ഥാടകര്‍ക്കും നല്‍കിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ആദ്യ സംഘത്തെ യാത്രയാക്കി. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചത് ആശ്വാസമായി.
കരിപ്പൂരിൽനിന്ന് 59 സര്‍വിസുകൾ
ചൊവ്വാഴ്ച രാവിലെ എട്ടിനും ഉച്ചക്ക് ശേഷം മൂന്നിനുമുള്ള വിമാനങ്ങളില്‍ പുറപ്പെടേണ്ട തീര്‍ഥാടകര്‍ തിങ്കളാഴ്ചതന്നെ ഹജ്ജ് ക്യാമ്പിലെത്തി. രണ്ടാമത്തെ വിമാനത്താവളത്തില്‍ 90 പുരുഷന്മാരും 76 വനിതകളും മൂന്നാമത്തെ വിമാനത്തില്‍ 84 പുരുഷന്മാരും 82 വനിതകളുമാണ് യാത്ര തിരിക്കുന്നത്. ക്യാമ്പിലുള്ള ഇവരെ യാത്രയുടെ നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തിക്കും. ബുധനാഴ്ച കരിപ്പൂരില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ ഹജ്ജ് സര്‍വിസ് നടത്തും. 166 പേര് വീതമുള്ള 498 പേരാണ് യാത്രയാകുക.
ജൂണ്‍ ഏഴുവരെ ദിവസവും മൂന്ന് വിമാനങ്ങളും എട്ടിന് നാല് വിമാനങ്ങളും ഒമ്പതിന് ഒരു വിമാനവുമുള്പ്പെടെ 59 സര്‍വിസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരില്‍നിന്ന് ഷെഡ്യുള്‍ ചെയ്തിരിക്കുന്നത്. മേയ് 26ന് കൊച്ചിയില്‍നിന്നും ജൂണ്‍ ഒന്നിന് കണ്ണൂരില്‍നിന്നും ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍നിന്ന് സര്‍വിസ് നടത്തുക. കൊച്ചിയില്‍നിന്ന് ജൂണ്‍ ഒമ്പത് വരെ 17 സര്‍വിസുകളും കണ്ണൂരില്‍നിന്ന് ഒമ്പത് വിമാനങ്ങളുമാണുള്ളത്. ജൂലൈ ഒന്ന് മുതല്‍ 22 വരെ മദീന വഴിയാണ് സംസ്ഥാനത്തുനിന്നുള്ള ഹാജിമാരുടെ മടക്കയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.