പ്രളയഭീതിക്കപ്പുറമിനി രോഗ ഭീഷണി
text_fieldsകൊണ്ടോട്ടി: രണ്ട് ദിവസം തുടര്‍ന്ന വെള്ളപ്പൊക്കത്തിനു ശേഷം പൊതുജനാരോഗ്യ ഭീഷണി സജീവമായതോടെ കൊണ്ടോട്ടി നഗരസഭയിലും ജനവാസ പ്രദേശങ്ങളില്‍ വെള്ളമുയര്‍ന്ന ഗ്രാമ പഞ്ചായത്തുകളിലും ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജലാശയ ശുദ്ധീകരണവും ഊര്‍ജിതമാക്കി. ജലാശയങ്ങളും വീട്ടുപരിസരങ്ങളും മലിനമായതിനാല്‍ മഞ്ഞപ്പിത്തം, എലിപ്പനി, പകര്‍ച്ചപ്പനി, ഛര്‍ദ്ദി, അതിസാരം തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാനുള്ള സാഹചര്യമാണ് സജീവമായി നില്‍ക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
വെള്ളപ്പൊക്കത്തെ തുടര്‍ന്നും മലിന ജലം പരന്നൊഴുകിയും കൊണ്ടോട്ടി, നെടിയിരുപ്പ്, പുളിക്കല്‍, മൊറയൂര്‍, പൂക്കോട്ടൂര്‍ തുടങ്ങിയ വില്ലേജുകളില്‍ നൂറുകണക്കിന് കിണറുകളും മറ്റ് ശുദ്ധ ജലാശയങ്ങളും മാലിന്യം കലര്‍ന്ന് ഉപയോഗശൂന്യമായിട്ടുണ്ട്. ഇവ ക്ലോറിനേഷന് നടത്തിശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ, അംഗന്‍വാടി പ്രവര്‍ത്തകരും ദ്രുത പ്രതികരണ സംഘാംഗങ്ങളും ചേര്‍ന്നാണ് ജലാശയങ്ങളിലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലും ക്ലോറിനേഷന് നടത്തുന്നത്.
നഗരസഭ പ്രദേശങ്ങളിലും ഗ്രാമ പഞ്ചായത്തുകളിലും പി.എച്ച്.സികളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ബോധവത്കരണവും നടത്തുന്നുണ്ട്. മലിന ജലം പരന്നൊഴുകിയ പ്രദേശങ്ങളില്‍ ശുചീകരണം നടത്തുന്നവര്‍ക്കും വെള്ളം കയറിയ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നവര്‍ക്കും വയലുകളിലിറങ്ങുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എലിപ്പനി ബാധിക്കാന്‍ സാധ്യതയേറെയാണ്. ഇത് മുന്‍നിര്‍ത്തി ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഡോക്സി സൈക്ലിന്‍ ഗുളികകള്‍ നല്‍കുന്നുണ്ട്. വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിലിറങ്ങുന്നവര് ത്വക്ക് രോഗങ്ങള്‍ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.