കക്കാടംപൊയിലിെല അപകടം; നൊമ്പരസ്മരണയായി അർഷദും അസ്ലവും
text_fieldsകൊണ്ടോട്ടി: വിനോദയാത്രക്കിടെ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ പൊലിഞ്ഞ കൂട്ടുകാർക്ക് യാത്രാമൊഴിയേകി സഹപാഠികൾ. ഇ.എം.ഇ.എ കോളജ് അവസാന വർഷ ബി.കോം വിദ്യാർഥിയായിരുന്ന വേങ്ങര സ്വദേശിയായ അർഷദ്, ബി.വോക് അവസാന വർഷ വിദ്യാർഥിയായിരുന്ന തലപ്പാറ സ്വദേശി അസ്ലം എന്നിവരുടെ മൃതദേഹങ്ങൾ കോളജ് കാമ്പസിലെത്തിച്ചപ്പോൾ വികാര നിർഭരമായാണ് കൂട്ടുകാർ വിട നൽകിയത്.
കക്കാടംപൊയിലിൽ കൊക്കയിൽ വീണുമരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ഉച്ചക്ക് രണ്ടോടെയാണ് വിലാപയാത്രയായി കൊണ്ടോട്ടിയിലെ കാമ്പസിലെത്തിച്ചത്. കോളജില്‍ ഒരു മണിക്കൂറോളം പൊതുദർശനത്തിനുവെച്ചു. നൂറുകണക്കിന് സഹപാഠികളാണ് അന്ത്യയാത്ര നേരാനെത്തിയത്. നാട്ടുകാർക്കും ബന്ധുക്കള്‍ക്കും അന്ത്യോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു. കാമ്പസിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, പി.കെ. ബഷീർ, ഇ.എം.ഇ.എ മാനേജർ ബാലത്തില്‍ ബാപ്പു മാനേജിങ് കമ്മിറ്റി സെക്രട്ടറി പ്രഫ. കെ.എം. അബൂബക്കർ, പ്രിൻസിപ്പൽ മുനീർ വളപ്പില്‍ എന്നിവരും അന്തിമോപചാരമർപ്പിച്ചു.
കക്കാടംപൊയിൽ ആനക്കല്ലുംപാറ വളവിലെ കൊക്കയിലേക്ക് സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്. വിദ്യാർഥികളുടെ മൃതദേഹങ്ങൾ പിന്നീട് ജന്മനാടുകളിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.