കരിപ്പൂർ മേഖലയിലെ നിർമാണം; വിമാനത്താവള അതോറിറ്റിക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസര പ്രദേശങ്ങളില്‍ വീടുകളുള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി) അനുവദിക്കുന്നതില്‍ വിമാനത്താവള അതോറിറ്റി തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ ജനകീയ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു.
വീട് നിർമാണത്തിനടക്കം നിരാക്ഷേപ പത്രത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ വിമാനത്താവള അതോറിറ്റി നിരസിക്കുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തില്‍ വിമാനത്താവള സമര സമിതിയാണ് നാട്ടുകാരെ സംഘടിപ്പിച്ച് പ്രക്ഷോഭ വഴിയിലേക്ക് നീങ്ങുന്നത്. ഇതിന് മുന്നോടിയായി ശനിയാഴ്ച വൈകുന്നേരം നാലിന് നിരാക്ഷേപ പത്രം നിഷേധിക്കപ്പെട്ടവരുടേയും പരിസരവാസികളുടേയും സംയുക്ത ആലോചന യോഗം ചേരും. യോഗത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.
നിർമാണ പ്രവൃത്തികള്‍ക്ക് വിമാനത്താവള അതോറിറ്റി നിരാക്ഷേപ പത്രം അനുവദിക്കാത്ത പ്രശ്നം നിരന്തരം ചര്‍ച്ചയാകുകയും പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ജനപ്രതിനിധികളടക്കം ഇടപെടുകയും ചെയ്തിട്ടും പ്രശ്നം സങ്കീര്‍ണമായി തുടരുന്ന അവസ്ഥയാണിപ്പോഴും.
2047ല്‍ നടത്താനുദ്ദേശിക്കുന്ന വിമാനത്താവള വികസനം പറഞ്ഞ് നിലവിലെ വികസന പ്രവൃത്തികള്‍ക്ക് ഭൂമി വിട്ടുകൊടുത്തവര്ക്കുപോലും മേഖലയില്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ സാധിക്കാത്ത നില വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പരാതികള്‍ വ്യാപകമായതോടെ കൊണ്ടോട്ടി നഗരസഭാധികൃതര്‍ നല്കിയ നിവേദനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് കലക്ടറുടെ അധ്യക്ഷതയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ, കൊണ്ടോട്ടി നഗരസഭാധികൃതര്‍, സമീപ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിമാനത്താവള അധികൃതര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു.
അതേസമയം, പ്രദേശത്തെ വീടുകളുടെ നിർമാണത്തിന് വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രമില്ലാതെതന്നെ അനുമതി നല്‍കാനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് ഒക്ടോബര്‍ എട്ടിന് ടി.വി. ഇബ്രാഹിം എം.എല്‍.എ നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കിയിരുന്നു. ഇതിലും തുടര്‍നടപടികളുണ്ടായിട്ടില്ല.
നിർമാണ പ്രവൃത്തികള്‍ക്കുള്ള വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം ലഭ്യമാകാത്ത പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ഇക്കാര്യം അധികൃതരുമായും സര്‍ക്കാറുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒക്ടോബര്‍ 15ന് ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തിന് ശേഷം ചെയര്മാന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കിയിരുന്നതാണ്. പരാതികള്‍ നിരന്തരം നല്‍കുകയും പ്രശ്നം പരിഹരിക്കുമെന്ന് ജനപ്രതിനിധികളും സര്‍ക്കാറും പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് നിരാക്ഷേപ പത്രത്തിനായുള്ള അപേക്ഷകള്‍ വിമാനത്താവള അതോറിറ്റി നിര്‍ബാധം നിരസിക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സമര സമിതി ജനകീയ പ്രക്ഷോഭത്തിന്റെ പാതയിലെത്തിനില്ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.