ജനകീയ പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് ടി.വി. ഇബ്രാഹിം എം.എല്‍.എ; കരിപ്പൂരിലെ കെട്ടിട നിര്‍മാണ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന്റെ പേരില്‍ സമീപ പ്രദേശങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി ലഭിക്കാത്ത പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു.
മേഖലയില്‍ എന്‍.ഒ.സിയില്ലാതെ വീടുകളുടെ നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവിയിലെ വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷന്‍ വരികയോ പദ്ധതി പ്രായോഗികത ഉറപ്പാക്കുകയോ ചെയ്യുന്നതുവരെ വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി കണക്കിലെടുക്കാതെ രണ്ട് നില വരെയുള്ള വീടുകള്‍ ഉള്‍പ്പെടെയുള്ള താമസാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് നിർമാണാനുമതി നല്‍കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നതെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ പദ്ധതികളിലുള്പ്പെടെയുള്ള വീടുകളുടെ നിര്‍മാണം പുനരാരംഭിക്കാനും പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
എന്‍.ഒ.സി ലഭിക്കാത്തതുകാരണം വിമാനത്താവളത്തിന് ഭൂമി വിട്ടുകൊടുത്തവര്ക്കുപോലും മേഖലയില്‍ പുതിയ വീട് നിര്‍മിക്കാന്‍ സാധിക്കാത്ത അവസ്ഥ വ്യാപക പരാതികള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ, കൊണ്ടോട്ടി നഗരസഭാധികൃതര്‍, സമീപ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിമാനത്താവള അധികൃതര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു. 2047 ല്‍ വരാന്‍ പോകുന്ന വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാറിലേക്ക് പ്രപ്പോസല്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് എന്‍.ഒ.സി നല്‍കാത്തതെന്നായിരുന്നു വിഷയത്തില്‍ വിമാനത്താവള അധികൃതരുടെ വിശദീകരണം. ഇതിനെതിരെ ജനപ്രതിനിധികള്‍ ശക്തമായ നിലപാടെടുത്തതോടെ ഇക്കാര്യം ചുണ്ടിക്കാട്ടി ജില്ല കലക്ടര്‍ സര്‍ക്കാറിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിലെ ശിപാര്‍ശകളുടെ പ്രാവര്‍ത്തികതയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്.
റൺവേ വികസന പ്രവൃത്തികള്‍ അടുത്ത വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും ഇതിനായി മണ്ണ് ലഭ്യമാക്കാന്‍ ജില്ലയില്‍ 12 മുതല്‍ 15 കിലോമീറ്റര്‍ ചുറ്റളവില്‍ മൈനിങ് സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചതായും എം.എല്‍.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.