നിർമാണ പ്രവൃത്തികള്‍ക്ക് കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് നഗരസഭ പരിധിയില്‍ കെട്ടിട നിർമാണത്തിന് വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി സൃഷ്ടിക്കുന്ന പ്രശ്ന പരിഹാരത്തിന് 27ന് മലപ്പുറത്ത് ജില്ല കലക്ടറുടെ ചേമ്പറില്‍ ഉന്നതതല യോഗം ചേരും. എം.പി, എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍, വിമാനത്താവള ഡയറക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കൊണ്ടോട്ടി നഗരസഭ അധികൃതര്‍ നല്കിയ നിവേദനം പരിഗണിച്ച് ജില്ല കലക്ടര്‍ വി.ആര്. വിനോദാണ് ഇക്കാര്യം അറിയിച്ചത്. നഗരസഭയിലെ പത്തോളം വാര്‍ഡുകളില്‍ പുതിയ വീടുള്‍പ്പെടെയുള്ള കെട്ടിട നിർമാണ പ്രവൃത്തികള്‍ വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി വൈകുന്നതിനാല്‍ നീണ്ടുപോകുകയാണ്. സാധാരണക്കാരെയാണ് ഇതേറെ വലക്കുന്നത്.
പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് കെട്ടിട നിര്‍മാണ പെര്‍മിറ്റ് വാങ്ങി കരാർ വെക്കാന്പോലും ഇക്കാരണത്താല്‍ സാധിക്കുന്നില്ല. എന്‍.ഒ.സി ലഭിക്കാതെ നിർമാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് നമ്പര്‍ ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്. വിമാനത്താവള വികസനത്തിന് വീടും സ്ഥലവും വിട്ടു നല്കിയവര് വാങ്ങിയ സ്ഥലങ്ങളില്‍ വീടു വെക്കാനും കഴിയുന്നില്ല. ഈ പ്രശ്നങ്ങളും വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ ക്രോസ് റോഡുകള്‍ ഉള്‍പ്പെടെ മൂന്ന് റോഡുകള്‍ ഇല്ലാതായത് കാരണം ഒറ്റപ്പെട്ട 20 വീടുകള്‍ക്ക് വഴി നഷ്ടപ്പെട്ടതും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാധ്യക്ഷ നിത ഷഹീറിന്റെ നേതൃത്വത്തില്‍ ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കിയത്. നഗരസഭ ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷരായ എ. മുഹിയുദ്ദീന് അലി, കെ.പി. ഫിറോസ്, റംല കൊടവണ്ടി, കൗണ്‍സിലര്‍മാരായ അബീന പുതിയറക്കല്‍, സി. സുഹൈറുദ്ദീന്‍, പി.പി. റഹ്മത്തുല്ല, കെ.സി. മൊയ്തീന്, ഉഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.