കരിപ്പൂർ വിമാനത്താവള വികസനം: ജനങ്ങളെ കേൾക്കാൻ മടിക്കുന്ന ചർച്ചകൾ പ്രഹസനം മാത്രം-സമരസമിതി
text_fieldsകൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവള വികസനത്തിന് വേണ്ടി ഇനിയും ഭൂമിയേറ്റെടുക്കുവാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും ഭൂമി നഷ്ടപ്പെടുന്നവരേയും സമരസമിതിയേയും കേൾക്കാൻ മടിക്കുന്ന ചർച്ചകൾ പ്രഹസനം മാത്രമാണെന്നും സമരസമിതി കുറ്റപ്പെടുത്തി. കരിപ്പൂരിൽ വലിയ വിമാനങ്ങൾ തിരികെ കൊണ്ടുവരുന്നതിനോ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് പുന:സ്ഥാപിക്കുന്നതിനോ ആത്മാർത്ഥമായ ഒരു ഇടപ്പെടലും ബന്ധപ്പെട്ടവർ നടത്തുന്നില്ല.
കണ്ണൂർ വിമാനതാവളത്തിൽ നിന്നും വലിയ വിമാനങ്ങളും അന്തർദേശീയ സർവ്വീസുകളും ആരംഭിക്കുന്നത് വരെ കരിപ്പൂരിൽ വലിയ വിമാനങ്ങൾ തിരികെ വരുത് എന്ന ഉദേശത്തിലാണ് ബദ്ധപ്പെട്ടവർ പ്രവർത്തിക്കുന്നത്. സ്വകാര്യ വിമാന താവളങ്ങൾക്ക് നൽകുന്ന പരിഗണന കരിപ്പൂരിനും നൽകണം. സ്വകാര്യവൽകരണത്തിൻ്റെ ഭാഗമായി കുത്തക മുതലാളിമാർക്ക് കൈമാറുന്നതിന് വേണ്ടിയാണ് പുതിയ ഭൂമിയേറ്റെടുക്കൽ. കരിപ്പൂർ വിമാനത്താവള യാതൊരു ബന്ധവുമില്ലാത്ത ഭൂമി വരെ ഏറ്റെടുക്കുന്നത് സ്വകാര്യ ലോബിക്ക് വേണ്ടിയാണ്.
വിമാനത്താവളത്തിനകത്ത് പ്രവർത്തിക്കുന്ന ഹയർ സെക്കൻ്ററി സ്കൂൾ ,സ്കൂൾ ഗ്രൗണ്ട് അടക്കം പുറത്തേക്ക് മാറ്റി സ്ഥാപിക്കുവാൻ അതോറിറ്റി തയ്യാറായാൽ പാർക്കിംഗ് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയും.തികച്ചും അശാസ്ത്രീയവും അനാവശ്യവുമായ വികസനത്തിന് ഭൂമി വിട്ടു നൽകാൻ സാധ്യമല്ല. കരിപ്പൂരിൻ്റെ തുടർ വികസന സാധ്യതകളെ കുറിച്ചും അതുവഴി ഉണ്ടാകാവുന്ന പാരിസ്ഥിതിക - സാമൂഹികാഘാതത്തെ കുറിച്ചും പഠനം നടത്തണം. ഏകപക്ഷീയവും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുമുള്ള സർക്കാരുകളുടേയും ഉപദേശക സമിതിയുടേയും തീരുമാനങ്ങൾക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് സമരസമിതി ഭാരവാഹികളായ ചുക്കാൻ ബിച്ചു, ജാസിർ കരിപ്പൂർ, കെ. കെ മൂസകുട്ടി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.