കരിപ്പൂര്‍ വിമാനത്താവള വികസനം; ഭൂമിയേറ്റെടുക്കലിനെതിരെ കൊണ്ടോട്ടി നഗരസഭ പ്രമേയം
text_fieldsകൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കലില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി നഗരസഭ പ്രമേയം പാസാക്കി. 30-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ഫിറോസ് അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. 1971 മുതല്‍ 11 തവണയായി തദ്ദേശീയര്‍ വിട്ടുനല്‍കിയ ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.
വീണ്ടും ജനങ്ങളുടെ സ്വൈരജീവിതത്തിനും സ്വത്തിനും ഭീഷണിയായ ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നാവശ്യപ്പെട്ടുള്ള പ്രമേയമാണ് അംഗീകരിച്ചത്. 2004 വരെ ആവശ്യപെട്ടത്രയും ഭൂമി 11 ഘട്ടങ്ങളിലായി വിട്ടുകൊടുത്ത തദ്ദേശീയരെ ഇനിയും പ്രയാസപ്പെടുത്തരുതെന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്.
10 വര്‍ഷത്തിലധികം വലിയ വിമാനങ്ങള്‍ പറന്നിറങ്ങിയ വിമാനത്താവളത്തില്‍ ഇപ്പോള്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും റണ്‍വേ വികസനത്തിന്റെ പേരില്‍ വര്‍ഷത്തില്‍ 100 കോടിയിലധികം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലയിലുള്ള വിമാനത്താവളത്തെ ചുരുങ്ങിയ വിലയില്‍ സ്വകാര്യ മേഖലക്ക് കൊടുക്കാനായി നടക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും നഗരസഭ ചൂണ്ടിക്കാട്ടി.
ജനവാസ കേന്ദ്രങ്ങളില്‍ ജീവിതം ദുസ്സഹമാക്കുന്ന അശാസ്ത്രീയ ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍നിന്ന് അതോറിറ്റിയും സര്‍ക്കാറും പിന്മാറണമെന്നും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ വികസന പ്രവര്‍ത്തനം നടത്തി വിമാനത്താവളത്തിന്റെ കാര്യക്ഷമത വർധിപ്പിച്ച് നിലനിര്‍ത്തണമെന്നും നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു.
കൗണ്‍സിലര്‍ കെ.പി. സല്മാന് പ്രമേയത്തെ പിന്താങ്ങി. വൈസ് ചെയര്മാന് സനൂപ് മാസ്റ്റര്‍, സ്ഥിരംസമിതി അധ്യക്ഷരായ അഷ്റഫ് മടാന്‍, സി. മിനിമോള്‍, എ. മുഹിയുദ്ദീന് അലി, അബീന പുതിയറക്കല്‍, റംല കൊടവണ്ടി, കൗണ്‍സിലര്‍മാരായ പി.പി. റഹ്മത്തുല്ല, കെ.സി. മൊയ്തീന്, സി. സുഹൈറുദ്ദീന്‍, ശിഹാബുദ്ദീന് കോട്ട, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.