കരിപ്പൂര്‍ വിമാനത്താവള വികസനം വഴിപ്രശ്നങ്ങള്‍ സംയുക്ത സംഘം നാളെ പരിശോധിക്കും
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയുടെ സുരക്ഷ മേഖല വിപുലീകരിക്കാന്‍ സ്ഥലമേറ്റെടുക്കുന്നതോടെയുണ്ടാകുന്ന വഴിപ്രശ്നങ്ങള്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം വെള്ളിയാഴ്ച പരിശോധന നടത്തും. ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും ഡയറക്ടറുടെ നേതൃത്വത്തില്‍ വിമാനത്താവള ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടാകുക.
രാവിലെ 9.30ന് നെടിയിരുപ്പ് വില്ലേജ് പരിധിയിലെത്തുന്ന സംഘം നാട്ടുകാരും സമരസമിതിയും ഉന്നയിച്ച വഴിപ്രശ്നങ്ങളും മേഖലയിലെ ഗതാഗതകാര്യത്തിലുണ്ടാകുന്ന പ്രയാസങ്ങളും പരിശോധിക്കും. ക്രോസ് റോഡ് നഷ്ടപ്പെടുന്നതിനു പുറമെ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കുടുംബങ്ങള്‍ക്ക് വഴി നഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യം സ്ഥലം സന്ദര്‍ശിച്ച് പരിഹരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സംഘത്തിന്റെ പരിശോധന.
നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളില്‍നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 80 ഭൂവുടമകളില്‍ പാതിയോളം പേരാണ് ഇതുവരെ പ്രമാണങ്ങള്‍ നല്‍കിയത്. ഈ മാസം 15നകം ഭൂമി ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം. ഇതിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അധികൃത ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.