റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കൽ പ്രതിഷേധം ശക്തം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സുരക്ഷ വർധിപ്പിക്കാനായി റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) യുടെ നീളം വർധിപ്പിക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.
റൺവേ നീളം കുറയുന്നതോടെ വർഷങ്ങളോളം കരിപ്പൂരിൽനിന്ന് സർവിസ് നടത്തിയ വലിയ വിമാനങ്ങൾ പുനരാരംഭിക്കാൻ തിരിച്ചടിയാകും. 2,860 മീറ്ററുള്ള റൺവേ 2,560 മീറ്ററായി കുറച്ച് റെസ രണ്ട് ഭാഗത്തും 240 മീറ്ററായി വർധിപ്പിക്കാനാണ് നടപടി. റെസയുടെ നീളം വർധിപ്പിക്കാൻ മറ്റ് വഴികളുണ്ടായിരിക്കെ റൺവേ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി.
റൺവേയെ ബാധിക്കാതെ റെസയുടെ നീളം കൂട്ടണം –സമദാനി
കരിപ്പൂരിൽ സുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ റൺവേയുടെ നീളം കുറക്കാൻ നടക്കുന്ന നീക്കം ജനങ്ങൾ ഏറെക്കാലമായി കാത്തിരിക്കുന്ന വലിയ വിമാനങ്ങൾ ഇറങ്ങാനും പറന്നുയരാനും തടസ്സം സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഏറെ പ്രതിഷേധാർഹമാണ്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വലിയ വിമാന സർവിസ് ഇനിയും നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമായി മാത്രമേ ഇതിനെ കാണാനാവൂ. സുരക്ഷ ഉറപ്പാക്കാൻ റെസയുടെ നീളം വർധിപ്പിക്കണമെന്നുണ്ടെങ്കിൽ റൺവേ ദൈർഘ്യം കുറച്ചുകൊണ്ടല്ല അത് ചെയ്യേണ്ടത്. റൺവേയെ ബാധിക്കാതെ റിസയുടെ നീളം കൂട്ടുന്നതടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
ഒരുവർഷം മുമ്പ് നടന്ന വിമാന അപകടത്തിന് കരിപ്പൂരിലെ ഭൗതീക സൗകര്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ഔദ്യോഗിക റിപ്പോർട്ട് വ്യക്തമാക്കിയതാണ്. അപ്പോഴാണ് ഉള്ള റൺവേയുടെ തന്നെ നീളം കുറക്കാൻ ഇടയാക്കുന്ന രീതിയിലുള്ള പുതിയ നീക്കം. ഇതിനൊന്നും ഒരു നീതീകരണവുമില്ല. വിഷയത്തിൻ അടിയന്തരമായി ഇടപെട്ട് അനിവാര്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചതായും വിമാനത്താവള ഉപദേശക സമിതി ചെയർമാൻ കൂടിയായ ഡോ. എം.പി. അബ്ദുസ്സമദാനി എം.പി പറഞ്ഞു.
നീക്കം വലിയ വിമാനം ഇറങ്ങാതിരിക്കാനുള്ള ഗവേഷണ
ഭാഗം –ടി.വി. ഇബ്രാഹീം എം.എൽ.എ
കരിപ്പൂരിനെ തകർക്കുക അല്ലെങ്കിൽ വലിയ വിമാനം ഇറങ്ങുന്നത് ഇല്ലാതാക്കുക എന്നതിന് അവസരം കാത്തുനിൽക്കുന്നത് പോലെയാണ് കേന്ദ്രത്തിെൻറ നടപടികൾ. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരം 90 മീറ്ററാണ് റെസയുടെ നീളം. ഇതിന് പകരം 90 മീറ്ററിൽ ഇ -മാസ് (എൻജിനീയറിങ് മെറ്റീരിയൽ അറസ്റ്റിങ് സംവിധാനം) ഏർപ്പെടുത്താവുന്നതാണ്.
റൺവേ, റെസ എന്നിവയുടെ നീളക്കുറവാണ് വിമാനാപകട കാരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ എവിടെയും പറഞ്ഞിട്ടില്ല. രണ്ടും മൂന്നും തവണയും വിദഗ്ധ സംഘം ഇവിടെ എത്തിയിട്ടും വീണ്ടും ഗവേഷണം നടത്തുകയാണ്. വലിയ വിമാനങ്ങൾ ഇറങ്ങുന്നത് തടയാനുള്ള മാർഗം കണ്ടെത്താൻ വേണ്ടിയാണ് ഗവേഷണങ്ങളെന്നും ടി.വി. ഇബ്രാഹീം എം.എൽ.എ കൂട്ടിച്ചേർത്തു.
കരിപ്പൂരിനെ തകർക്കാനുള്ള അവസാനത്തെ അജണ്ട
–എം.കെ. രാഘവൻ
വലിയ വിമാനങ്ങളുടെ സർവിസിനായി സുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ റെസയുടെ നീളം വർധിപ്പിക്കാൻ റൺവേ നീളം കുറക്കാനുള്ള ശ്രമങ്ങൾ കരിപ്പൂരിനെ എന്നെന്നേക്കുമായി തകർക്കാനുള്ള അവസാനത്തെ അജണ്ടയുടെ ഭാഗമാണ്. വിമാനാപകട ശേഷം വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ നടത്തിയ പഠനങ്ങളിലൊന്നും വിമാനത്താവളത്തിന് സുരക്ഷ വീഴ് ചയില്ല എന്നത് വ്യക്തമായതാണ്. അനാവശ്യമായ സാങ്കേതിക കുരുക്കുകൾ ഉണ്ടാക്കി സർവിസ് തടയുന്നത് അംഗീകരിക്കാനാകില്ല. ഓപറേറ്റ് ചെയ്യുന്ന എയർലൈനുകൾക്ക് ഇല്ലാത്ത ആശങ്ക അനാവശ്യമായി സൃഷ്ടിക്കുന്നത് വിമാനത്താവളത്തെ തകർക്കാനാണ്.
റൺവേ നീളം വെട്ടിക്കുറച്ച് റെസ നീളം വർധിപ്പിക്കുന്നത് യുക്തിരഹിത തീരുമാനമാണ്. വലിയ വിമാനം സർവിസ് നടത്താനാണ് റെസ നീളം വർധിപ്പിക്കുന്നത്. ഈ ആവശ്യത്തിനായി റണ്‍വേ നീളം കുറച്ചാൽ പിന്നെ വലിയ വിമാനം സർവിസ് നടത്താൻ പറ്റില്ല. പകരം റെസ നീളം വർധിപ്പിക്കാന്‍ ബദൽ മാർഗമായ റൺവേക്ക് പുറത്തേക്ക് കോൺക്രീറ്റ് സ്ട്രക്ചർ സ്ഥാപിച്ച് ചതുപ്പുനിലം ഒരുക്കിയാൽ മതി. ഇതിനാവശ്യമായ നടപടി സ്വീകരിച്ച് നിര്‍മാണം നടത്തുകയാണ് വേണ്ടതെന്ന് അതോറിറ്റി ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽനിന്ന് പിന്മാറുന്നത് വരെ പ്രക്ഷോഭം നടത്തുമെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു.
കരിപ്പൂരിെൻറ വികസനം തടയാനുള്ള നീക്കം
–പി. അബ്ദുൽ ഹമീദ് എം.എൽ.എ
കരിപ്പൂരിെൻറ വികസനം തടയിടാനുള്ള ലോബികളുടെ പ്രവർത്തനമാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റൺവേ നീളം കുറച്ച് റെസയുടെ നീളം വർധിപ്പിക്കുന്ന നടപടി വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സാധ്യതക്ക് മങ്ങലേൽപ്പിക്കും. ഇതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിൽ എം.പിമാരുമായി സഹകരിച്ച് ശക്തമായ ഇടപെടൽ നടത്തണമെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.