കൊലപാതക ശ്രമക്കേസിലെ പ്രതി കരിപ്പൂർ സ്വർണക്കവർച്ച കേസിൽ പിടിയിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വേട്ടഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയിൽ മാനു എന്ന മുഹമ്മദ് നിസാബ് (24) നെയാണ് തിങ്കളാഴ്ച്ച പുലർച്ചെ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. സംഭവത്തിന് ശേഷം സ്വന്തം വീട് പൂട്ടി ബോംബെയിലേക്ക് കടന്ന പ്രതി പിന്നീട് തിരിച്ചെത്തി വാവാട് ഒരു മലമുകളിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നമ്പറില്ലാത്ത സ്കൂട്ടറിലായിരുന്നു സഞ്ചാരം.പിടിക്കപ്പെടാതിരിക്കാൻ സുഹൃത്തുക്കളുടെ മൊബൈലുകളാണ് ഉപയോഗിച്ചിരുന്നത്.
2016 ൽ ഇയാളും കൊടുവള്ളിയിലെ മാഫിയാ തലവൻ ആപ്പു എന്ന മുഹമ്മദും ഉൾപ്പെടുന്ന സംഘം ഇവരുടെ കുഴൽപ്പണ സ്വർണ്ണക്കടത്ത് ഇടപാട് ഒറ്റിക്കൊടുത്തു എന്നു പറഞ്ഞ് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അയാളുടെ കൈവശമുണ്ടായിരുന്ന നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്ത് വീട്ടിൽ ഇറക്കി വിട്ടിരുന്നു. അന്ന് രാത്രി കൊടുവള്ളി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മണ്ണണ്ണയൊഴിച്ച് കത്തിയനിലയിൽ ആശുപത്രിയിൽ എത്തിക്കുകയും ശേഷം മരണപ്പെടുകയും ചെയ്തു. ഈ കേസ് കോടതിയിലാണ്.
മറ്റൊരു കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസും നിസാബിനെതിരെയുണ്ടെന്ന് പൊലിസ് പറഞ്ഞു. കരിപ്പൂർ സ്വർണക്കവർച്ച കേസ് നടന്ന ജൂൺ 21ന് കരിപ്പൂരിൽ വിമാനമിറങ്ങിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്ലാറ്റിൽവച്ച് മർദ്ദിച്ച സംഭവത്തിലും നിസാബ് പ്രതിയാണ്. ഇയാൾക്ക് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘങ്ങളുമായും അടുത്ത ബന്ധമുള്ളതായും വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ഇതോടെ കരിപ്പൂർ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 35 ആയി. കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.