ഈ ഒറ്റപ്പെടലിനും അഭിമാനമുണ്ട്
text_fieldsകൊണ്ടോട്ടി: ക്വാറൻറീനിലാണ്, കുടുംബത്തെ വിട്ടിട്ട് ഇവിടെ വന്ന് കിടക്കുന്നതിൽ എടങ്ങേറും ബുദ്ധിമുട്ടുമുണ്ട്, അതെല്ലാം ഒരു പിടിജീവനുകൾ രക്ഷിച്ചതിെൻറ ഭാഗമായതിനാണല്ലോ എന്ന ഓർക്കുമ്പോൾ സങ്കടത്തോടെയാണെങ്കിലും അഭിമാനമുണ്ട്. കരിപ്പൂർ വിമാനദുരന്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് കോവിഡ് സാഹചര്യത്തിൽ ക്വാറൻറീനിൽ പോയ രക്ഷാപ്രവർത്തകെൻറ വാക്കുകളാണിത്.
വെള്ളിയാഴ്ച പുലരുവോളം അപകട സ്ഥലത്തും ആശുപത്രികളിലും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ പിന്നീട് നേരെ പോയത് ക്വാറൻറീനിലേക്കാണ്. വിമാന യാത്രക്കാരിൽനിന്നോ മറ്റോ കോവിഡ് പടർന്നിട്ടുണ്ടെങ്കിൽ സമ്പർക്കമുണ്ടാവാതെ സ്വയം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണിവർ. വിമാനത്താവള അയൽ പ്രദേശങ്ങളായ മുക്കൂട്, കുറുപ്പത്ത്, മേലങ്ങാടി, കോടങ്ങാട്, മേലേപറമ്പ്, പാലാക്കാപ്പറമ്പ് തറയിട്ടാൽ, കൂട്ടാലുങ്ങൽ എന്നിവിടങ്ങളിലുള്ളവരാണ് അധികവും രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തതും ഇപ്പോൾ ക്വാറൻറീനിൽ പോയതും.
കൊണ്ടോട്ടി മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് ഇവരിൽ ഏറിയ പേരും. ഇവരിൽ ചിലർ നേരത്തേ ക്വാറൻറീനിൽ പ്രവേശിച്ച് തിരിച്ചെത്തി രക്ഷാപ്രവർത്തനത്തിനിറങ്ങി വീണ്ടും ക്വാറൻറീനിൽ പോയവരുമുണ്ട്.
എന്നാൽ, ഈ പ്രയാസങ്ങളെല്ലാം ഒരുപിടി ജീവനുകൾ രക്ഷിച്ച് വലിയ ഒരു ദുരന്തത്തിെൻറ രക്ഷകരായി എന്ന അഭിമാനത്തിൽ എല്ലാം മറക്കുകയാണിവർ. കൊട്ടൂക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ അമ്പതോളം പേരാണ് ക്വാറൻറീനിലുള്ളത്.
ഇവർക്ക് വേണ്ട സൗകര്യങ്ങൾ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. നഗരത്തിലെ വിവിധ ലോഡ്ജുകളിലായി ക്വാറൻറീനിൽ കഴിയുന്നവരുമുണ്ട്. വലിയ ഒരുവിഭാഗം സംഘം ചേർന്ന് വീടുകളിലും നിരീക്ഷണത്തിലുണ്ട്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലും ക്വാറൻറീൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.