കരിപ്പൂർ ദുരന്തത്തിന് ഇന്ന് നാലു വർഷം; രക്ഷാപ്രവര്‍ത്തകരായ നാട്ടുകാര്‍ക്ക് കൃതജ്ഞത കെട്ടിട നിര്‍മാണത്തിന് തുടക്കം
text_fieldsകരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരോടുള്ള നന്ദി സൂചകമായി ചിറയില്‍ ചുങ്കം ആശുപത്രിയില്‍ എം.ഡി.എഫ് കരിപ്പൂര്‍ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ മാതൃക
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന ദുരന്തത്തെ തുടര്‍ന്ന് കോവിഡ് മഹാമാരി പോലും വകവെക്കാതെ കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ക്ക് നന്ദി സൂചകമായി അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരും മറ്റ് യാത്രക്കാരുമൊരുക്കുന്ന കൃതജ്ഞത കെട്ടിടനിര്‍മാണത്തിന് ദുരന്തത്തിന്റെ നാലാം വാര്‍ഷിക ദിനമായ ബുധനാഴ്ച തുടക്കമാകും.
കരിപ്പൂരനടുത്ത് ചിറയില്‍ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിനാണ് 30 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം ഒരുക്കുന്നത്. മലബാര്‍ ഡെവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ അപടത്തില്മരിച്ച യാത്രക്കാരുടെ ആശ്രിതരെയും പരിക്കേറ്റ യാത്രക്കാരെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച വിമാനാപകട ചാരിറ്റി ഫൗണ്ടേഷനാണ് ആശുപത്രിക്കായി കൃതജ്ഞത കെട്ടിടം എന്ന ആശയവുമായി രംഗത്തു വന്നത്. നിര്‍മാണോദ്ഘാടനം നഗരസഭ ആക്ടിങ് ചെയര്മാന് അഷ്റഫ് മടാന്‍ നിര്‍വഹിക്കും.
എം.ഡി.എഫ് കരിപ്പൂര്‍ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന് ചെയര്മാന് അബ്ദുറഹിമാന് ഇടക്കുനി അധ്യക്ഷത വഹിക്കും. അപകടത്തില്‍ പരിക്കേറ്റവരുടേയും മരിച്ചവരുടെ ആശ്രിതരുടേയും സംഗമവും പരിപാടിയോടനുബന്ധിച്ച് നടക്കും. ജനപ്രതിനിധികളും ഫൗണ്ടേഷന് പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും രക്ഷാപ്രവര്‍ത്തകരായ നാട്ടുകാരും സംബന്ധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.