ദശലക്ഷം കടന്ന് കാരുണ്യയാത്ര
text_fieldsകൊണ്ടോട്ടി: നിർധന രോഗികളെ സഹായിക്കാൻ കൊണ്ടോട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് കേന്ദ്രത്തിന് പ്രവർത്തന ഫണ്ട് കണ്ടെത്താൻ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ചേർന്ന് നടത്തിയ ധനസമാഹരണ യജ്ഞം വൻ വിജയം. 10 ലക്ഷത്തിലധികം രൂപ ബസ് തൊഴിലാളികളും ഉടമകളും ബുധനാഴ്ച സമാഹരിച്ചു.
കൊണ്ടോട്ടിയിൽനിന്ന് കുന്നുംപുറം, ചെമ്മാട്, ഫറോക്ക്, മലപ്പുറം, അരീക്കോട്, എടവണ്ണപ്പാറ, കോഴിക്കോട്, മഞ്ചേരി, യൂനിവേഴ്സിറ്റി, കിഴിശ്ശേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന 147 ബസുകളാണ് ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുവേണ്ടി സർവിസ് നടത്തിയത്. യാത്രക്കാരിൽനിന്ന് ടിക്കറ്റ് ചാർജിനൊപ്പം ജീവകാരുണ്യ തുക കൂടി കണ്ടക്ടർമാർ സമാഹരിക്കുകയായിരുന്നു. യാത്രക്കാരും ഇതിനോട് ക്രിയാത്മകമായി പ്രതികരിച്ചു.
കൊണ്ടോട്ടി കേന്ദ്രീകരിച്ച 147 ബസുകളിലെ കണ്ടക്ടർമാരാണ് ഉടമകളുടെ പിന്തുണയോടെ ജീവകാരുണ്യ കുടുക്കകളുമായി യാത്രക്കാരുടെ മുന്നിലെത്തിയത്. യാത്രക്കാർ സന്തോഷത്തോടെ നൽകിയ തുക അടുത്തദിവസം ഡയാലിസിസ് കേന്ദ്രത്തിന് കൈമാറും. രാവിലെ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങ് കൊണ്ടോട്ടി ജോയന്റ് ആർ.ടി.ഒ അൻവർ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജി, എക്സൈസ് ഓഫിസർ വിജയൻ എന്നിവർ സംസാരിച്ചു. ബസ് ഓണേഴ്സ് ഏരിയ പ്രസിഡന്റ് എൻ. അബ്ദുൽഖാദർ, സെക്രട്ടറി സി. മുഹമ്മദ്, ബസ് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റ് കെ.കെ. മുഹമ്മദ്, തൊഴിലാളി യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജയശങ്കർ, എം. മുനീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.