ദേശീയപാതക്ക് കുറുകെ കിഫ്ബി കുടിവെള്ള പൈപ്പ് സ്ഥാപിക്കല്‍; ബാങ്ക് ഗ്യാരന്റിയായി 20.15 ലക്ഷം നല്കാന് നഗരസഭക്ക് സര്‍ക്കാര്‍ അനുമതി
text_fieldsകൊണ്ടോട്ടി: കിഫ്ബി കുടിവെള്ള പദ്ധതിയില്‍ മേലങ്ങാടി ജല സംഭരണിയിലേക്ക് ശുദ്ധജലമെത്തിക്കാന്‍ ദേശീയപാതക്ക് കുറുകെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീങ്ങി. കൊണ്ടോട്ടിയിലെ ദേശീയപാത ബൈപാസ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ദേശീയപാത അതോറിറ്റിക്ക് മുന്‍കൂര്‍ നല്‍കേണ്ട 20.15 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി തുക അനുവദിക്കാനുള്ള നഗരസഭ തീരുമാനത്തിന് സര്‍ക്കാര്‍ അനുമതിയായി. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് സെക്രട്ടറി ആര്.എസ്. ഷീജ ഒക്ടോബര്‍ 19ന് ഉത്തരവിറക്കി.
ചീക്കോട് കുടിവെള്ള ശുദ്ധീകരണ ശാലയില്‍നിന്ന് ചേപ്പിലിക്കുന്നിലെ ജല സംഭരണിയിലെത്തിക്കുന്ന വെള്ളം മേലങ്ങാടിയില്‍ നിർമിച്ച സംഭരണിയിലേക്കെത്തിക്കാന് നഗരമധ്യത്തിലെ ദേശീയപാത ബൈപാസിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി സാങ്കേതിക കാരണങ്ങളാല്‍ അനന്തമായി നീളുന്നതിനിടെ നഗരസഭ നടത്തിയ ഇടപെടലാണ് പദ്ധതിക്ക് പുത്തന്‍ ഊര്‍ജമായത്.
ദേശീയപാത വെട്ടിപ്പൊളിച്ചുള്ള പ്രവൃത്തികള്‍ക്ക് നേരത്തേ അനുമതിയായിരുന്നെങ്കിലും ഇതിനായി കേന്ദ്ര ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ട 20.15 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റ് ആരുനല്കുമെന്നതില് പൊതുമരാമത്ത് വകുപ്പും കരാറുകാരനും തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നത പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഈ തുക തനത് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ജൂണ്‍ 19ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.
ബാങ്ക് ഗ്യാരന്റി തുക പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള കൗണ്‍സില്‍ തീരുമാനം അറിയിച്ച് നഗരസഭ സെക്രട്ടറി നല്കിയ കത്ത് പരിഗണിച്ചാണ് പ്രവൃത്തികള്‍ വേഗത്തിലാക്കേണ്ട ആവശ്യകത പരിഗണിച്ച് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഈ തുക നഗരസഭയില്‍ തന്നെ നിക്ഷിപ്തമാകും. മേലങ്ങാടിയില്‍ നിർമാണം പൂര്‍ത്തിയായ കുടിവെള്ള സംഭരണിയിലേക്ക് വെള്ളമെത്തുന്നതോടെ നഗരസഭയില്‍ ജലക്ഷാമം രൂക്ഷമായ മേലങ്ങാടി, ഹൈസ്കൂള്‍ പടി, ഖുബ്ബ പരിസരം, നമ്പോലന്‍കുന്ന്, മങ്ങാട്, കാഞ്ഞിരപ്പറമ്പ് തുടങ്ങി 29 മുതല്‍ 40 വരെ വാര്‍ഡുകളിലെ കുടിവെള്ള ലഭ്യത പ്രശ്നത്തിന് പരിഹാരമാകും.
അതേസമയം, പൈപ്പ് സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയെങ്കിലും വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പ്രവൃത്തികള്‍ ആരംഭിക്കാനാകാത്ത സ്ഥിതിയാണ് നിലവിലേത്. നാലര വര്‍ഷം മുമ്പ് ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതിയാണ് വിവിധ തടസ്സങ്ങള്‍ കാരണം യാഥാര്ഥ്യത്തിലെത്താതിരിക്കുന്നത്. ഇത് വ്യാപകമായുള്ള ജന രോഷത്തിനും കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.