കൊണ്ടോട്ടിയിലെ വലിയതോട് ആഴം കൂട്ടാന്‍ നടപടി
text_fieldsകൊണ്ടോട്ടി: നീരൊഴുക്ക് നിലച്ച് മാലിന്യകേന്ദ്രമായ കൊണ്ടോട്ടി വലിയതോടിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനും മണ്ണ് നീക്കം ചെയ്ത് പാര്‍ശ്വഭിത്തികള്‍ ശക്തിപ്പെടുത്തുന്നതിനും നടപടികളായി. കേന്ദ്രാവിഷ്കൃത പദ്ധതിയായ ജന സഞ്ചയനത്തില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപ ഉപയോഗിച്ച് ജലാശയത്തില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുകയും നിലവിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാര്‍ശ്വഭിത്തികള്‍ ശാക്തീകരിക്കുകയും ചെയ്യുന്ന നടപടികളാണ് നടക്കുന്നത്. വലിയതോടിന്റെ പ്രഭവ കേന്ദ്രമായ മുസ്ലിയാരങ്ങാടി മുറിത്തോട്ടിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. മേയ് ആദ്യവാരത്തോടെ കൊണ്ടോട്ടി മേഖലയിലും പ്രധാന ജലസ്രോതസ്സായ വലിയതോട് വീണ്ടെടുക്കാനുള്ള പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
നഗരസഞ്ചയം പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയുടെയും സമീപത്തെ പുളിക്കല്‍, പള്ളിക്കല്‍, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലേയും ജലാശയ ഭാഗങ്ങളില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിന് 15 കോടി രൂപയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.മലപ്പുറം നഗരസഭ പദ്ധതിയില്‍ നിലവില്‍ അനുവദിച്ച തുകയില്‍ അഞ്ച് കോടി രൂപ കൊണ്ടോട്ടി നഗരസഭയിലും ബാക്കിവരുന്ന 10 കോടി രൂപ സമീപ പഞ്ചായത്തുകളിലും ജലാശയ നവീകരണത്തിനായി ചെലവഴിക്കുമെന്നാണ് ധാരണ. നഗരസഭ പരിധിയിലെ പ്രവര്‍ത്തനങ്ങളില്‍ പൊതു ജലാശയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് ആഴം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുകയെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നിലവിലുള്ള തോടിന്റെ പാര്‍ശ്വഭിത്തി ശാക്തീകരണവും ഇതോടൊപ്പം നടക്കും. മുസ്ലിയാരങ്ങാടി മുറിത്തോട് മുതല്‍ നീറ്റാണി വരെ നഗരസഭ പരിധിയിലെ 11 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്.
ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്. മണ്ണ് നീക്കം ചെയ്യുന്നതിലേയും സംഭരണത്തിലേയും പ്രാദേശികമായ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് നഗര അധികൃതര്‍ അറിയിച്ചു. ഇതിനിടയിലും ജലാശയത്തിന്റെ അതിര്‍ത്തി പൂര്‍ണമായും നിര്‍ണയിക്കാതെയുള്ള പാര്‍ശ്വഭിത്തി ശാക്തീകരണവും ആഴമേറ്റല് നടപടിയും അശാസ്ത്രീയമാണെന്നാരോപിച്ച് നാട്ടുകാരും വിവിധ സംഘടനകളും രംഗത്തുണ്ട്. ജലാശയ അതിര്‍ത്തികള്‍ വ്യാപകമായി കൈയേറിയിട്ടുണ്ടെന്ന പരാതി വ്യാപകമാണ്. ഇത് പരിഹരിക്കാതെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗത്തിനു വഴിവെക്കുമെന്ന ആക്ഷേപമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.
വലിയതോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ ശുചിത്വമുറപ്പാക്കാനോ നിലവില്‍ നടപടികള്‍ ഏതുമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും തുടരുന്ന അനാസ്ഥ പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് തീര്‍ക്കുന്നത്. വേനലില്‍ നീരൊഴുക്ക് നിലച്ചതോടെ ജൈവ, രാസ മാലിന്യങ്ങള്‍ ജലാശയത്തിലുടനീളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഒപ്പം മണ്ണുകൂടി അടിഞ്ഞതോടെ സമീപത്തെ കിണറുകളും മലീമസമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.