ആരോഗ്യ ഭീഷണി ശക്തം
text_fieldsകൊണ്ടോട്ടി: ആഴ്ചകള്‍ക്ക് മുമ്പ് നഗരരത്തേയും പരിസര പ്രദേശങ്ങളേയും മുക്കിയ വെള്ളപ്പൊക്കത്തിന് ശേഷം കൊണ്ടോട്ടി വലിയ തോടും തീരങ്ങളും ഇത്തവണയും മാലിന്യത്തുരുത്തായി മാറി. മഴ കുറഞ്ഞതിനൊപ്പം ജലനിരപ്പ് താഴ്ന്ന തോട്ടിലും ഇരുകരകളിലുമായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കെട്ടിക്കിടക്കുകയാണ്. തീരത്തെ വീട്ടു പരിസരങ്ങളിലും മറ്റ് ജലാശയങ്ങളിലും മാലിന്യം നിറഞ്ഞത് കടുത്ത ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വിവിധ സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള ജൈവ, രാസ മാലിന്യങ്ങളും ശുചിമുറികളില്‍നിന്നുള്ള വിസര്‍ജ്യം പോലും വലിയ തോട്ടില്‍ ഒഴുകി പരക്കുന്ന സ്ഥിതിയാണ്. നഗരത്തിലെ ഓടകളിലേക്ക് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുവരെ കക്കൂസ് മാലിന്യവും മറ്റും ഒഴുക്കുന്നത് നഗരസഭ നടത്തിയ ഓട ശുചീകരണത്തിനിടെ കണ്ടെത്തിയിരുന്നു. ഇതെല്ലാം കനാലുകള്‍ വഴി ഒഴുകിയെത്തുന്നത് വലിയ തോട്ടിലേക്കാണ്. ഇതിനൊപ്പമാണ് തോട്ടിലും തീരങ്ങളിലുമായി മറ്റു മാലിന്യവും അടിഞ്ഞത്.
വലിയ തോട് നവീകരിക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നടപടി വൈകുമ്പോള്‍ തോട്ടില്‍ മാലിന്യം നിര്‍ബാധം തള്ളുന്നത് തടയാനും നടപടികളേതുമില്ല. ജലാശയത്തിന് സമീപം താമസിക്കുന്നവരേയും വ്യാപാര സ്ഥാപനങ്ങളേയുമാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്. തോടിനടുത്തുള്ള ജലാശയങ്ങള്‍ വെള്ളപ്പൊക്കത്തിനുശേഷം ആരോഗ്യ വകുപ്പ് ഇടപെട്ട് ശുചീകരിച്ചിരുന്നെങ്കിലും വീണ്ടും മലിനമാകാനുള്ള സാഹചര്യം ആരോഗ്യ ഭീഷണി ശക്തമാക്കുന്നുണ്ട്.
മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങി ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും വ്യാപിക്കാന്‍ ഇത് കാരണമാകുമെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ നഗര സഞ്ചയത്തില്‍ ഉള്‍പ്പെടുത്തി വലിയ തോട്ടില്‍ കൊണ്ടോട്ടി നഗരസഭയുടേയും സമീപത്തെ പുളിക്കല്‍, പള്ളിക്കല്‍, പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തുകളിലേയും ജലാശയ ഭാഗങ്ങളില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിന് 15 കോടി രൂപയാണ് നിലവില്‍ അംഗീകരിച്ചത്. ഇതില്‍ അഞ്ച് കോടി രൂപ കൊണ്ടോട്ടി നഗരസഭയിലും ബാക്കി വരുന്ന 10 കോടി രൂപ സമീപ പഞ്ചായത്തുകളിലും ചലവഴിക്കാനുമാണ് ധാരണ.
നഗരസഭ പരിധിയില്‍ മുസ്ലിയാരങ്ങാടി മുറിത്തോട് മുതല്‍ നീറ്റാണി വരെ എട്ട് കിലോമീറ്റര്‍ നീളത്തില്‍ ജലാശയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് ആഴം വര്‍ധിപ്പിക്കുന്നതിനും പാര്‍ശ്വഭിത്തി ശാക്തീകരിക്കാനുമുള്ള പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞ ഏപ്രിലില്‍ പ്രവൃത്തികള്‍ പ്രാഥമികമായി ആരംഭിക്കുകയും ചെയ്തിരുന്നു. വലിയ തോടിന്റെ നഗരസഭ പ്രദേശത്തെ പ്രഭവ കേന്ദ്രമായ മുസ്ലിയാരങ്ങാടി മുറിത്തോട്ടിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. ഇത് പക്ഷെ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.