കൊണ്ടോട്ടി 17ല്‍ ദേശീയപാത ഇന്റര്‍ലോക്ക് ചെയ്യാൻ നടപടി
text_fieldsകൊണ്ടോട്ടി: തീര്‍ത്തും തകര്‍ന്നടിഞ്ഞ് ഗതാഗത പ്രതിസന്ധി രൂക്ഷമായ കൊണ്ടോട്ടി 17ല്‍ ദേശീയപാത ഇന്റര്‍ലോക്ക് ചെയ്യാന്‍ നടപടിയായി. തിങ്കളാഴ്ച മുതല്‍ പ്രവൃത്തികള്‍ ആരംഭിക്കും.
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക. അഴുക്കുചാലോടുകൂടി 60 മീറ്റര്‍ നീളത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്നതിന് 26.53 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നു തകർച്ചയിലായ ദേശീയ പാതയില്‍ 17ാം മൈല്‍ ഭാഗത്ത് വൻഗര്‍ത്തങ്ങള്‍ തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്.
17 മുതല്‍ നഗരമധ്യത്തിലും കുറുപ്പത്തും ബൈപാസ് തകര്‍ന്നുകിടക്കുകയാണ്. ഇത് ഗതാഗതക്കുരുക്കിനും നിരന്തരമുള്ള അപകടങ്ങള്‍ക്കും കാരണമായിട്ടും റോഡ് പുനരുദ്ധരിക്കാന്‍ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇക്കാര്യത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് തകര്‍ച്ചയിലുള്ള 17ാം മൈലില്‍ പുനരുദ്ധാരണത്തിന് അനുമതിയായത്. കൊണ്ടോട്ടിയിലെ ദേശീയപാത ബൈപാസ് ആധുനികവത്കരിക്കാന്‍ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പാലക്കാട് ഡിവിഷൻ പ്രോജക്ട് ഡയറക്ടര്‍ മധു വിപിന്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു.
അഞ്ചുകോടി രൂപയുടെ പദ്ധതിക്കുള്ള അനുമതി അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പ്രാരംഭ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ കൊണ്ടോട്ടി നഗരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവൃത്തി കഴിയുന്നതുവരെ കോഴിക്കോട് ഭാഗത്തുനിന്നും എടവണ്ണപ്പാറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൊളത്തൂരില്‍ നിന്നുതിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി നഗരത്തിലൂടെ കടന്നുപോകണം.
കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍നിന്ന് കൂരിയാട്, വേങ്ങര വഴി തിരിഞ്ഞാണ് മലപ്പുറം ഭാഗത്തേക്ക്
പോകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.