കൊണ്ടോട്ടി വരവുത്സവത്തിന് വെള്ളിയാഴ്ച തുടക്കം
text_fieldsകൊണ്ടോട്ടി: കൊണ്ടോട്ടിയുടെ സാംസ്കാരിക വാണിജ്യ പൈതൃകത്തെ ഉണര്‍ത്തുന്നതിനായി ‘കൊണ്ടോട്ടി വരവ്’സാംസ്കാരികോത്സവം മേയ് മൂന്ന് മുതല്‍ 19 വരെ നടക്കും. മേയ് നാലിന് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി നഗരസഭയും ജെ.സി.ഐ, റോട്ടറി ക്ലബ്, ലയന്‍സ് ക്ലബ്, വ്യാപാരികള്‍, മറ്റ് സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍, വൈദ്യര് സ്മാരക മാപ്പിളകല അക്കാദമി എന്നിവ ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
എജുഫെസ്റ്റ്, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, കലാസാംസ്കാരിക പരിപാടികള്‍, കാര്‍ഷിക മേളകള്‍, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഇവന്റുകളും റിയാലിറ്റി ഷോകളും നടക്കും.
മെയ് 9,10 തീയതികളിൽ ബിസിനസ് എക്സ്പോ, 11ന് ഓട്ടോ ഷോ, 12, 13 എഡ്യുഫെസ്റ്റ്, 14, 15,16 തീയതികളിൽ കാർഷികമേള, 1 7, 18, 19 തീയതികളിൽ ഫുഡ് ഫെസ്റ്റ് തുടങ്ങിയവ നടക്കും.
മേയ് മൂന്നിന് ഡി.ജെ വിത്ത് കൊണ്ടോട്ടി ബാപ്പുട്ടിയും അഞ്ചിന് മാപ്പിളപ്പാട്ട് ഗായിക രഹന നയിക്കുന്ന ഗാനമേള, ഏഴിന് ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക് നൈറ്റ്, ഒമ്പതിന് അക്ബർ ഖാനും സംഘവും അവതരിപ്പിക്കുന്ന ഖവാലി, 11ന് റാസാ ബീഗം അവതരിപ്പിക്കുന്ന ഗസൽ, 12ന് കണ്ണൂർ ഷരീഫ് ടീം ഗാനമേള, 14ന് യുംന അജിന്റെ ഗാനവിരുന്ന്, 17ന് നവാസ് കാസർകോടിന്റെ ഗാന വിരുന്ന് എന്നിവ അരങ്ങേറും.
അമ്യൂസ്മെന്റ് പാര്‍ക്ക്, കിഡ് ആന്റ് പെറ്റ് ഷോ, ഡിജെ നൈറ്റ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. കൊണ്ടോട്ടി നേര്‍ച്ചയുടെ ഓർമകളിലേക്ക് നഗരത്തെ വീണ്ടും ആനയിക്കുന്നതിനായി സാംസ്കാരിക ഘോഷയാത്രയും വിവിധ ദേശങ്ങളില്നിന്നുളള വരവുകളും സംഘടിപ്പിക്കും. നാലിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര ദേശത്തിന്റെ കലാ, സാംസ്കാരിക പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയായി മാറും.
കലാസാംസ്കാരിക സംഘടനകളും കുടുംബശ്രീ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും നേതൃത്വം നല്കുന്ന സാംസ്കാരിക ഘോഷയാത്ര വൈദ്യര് അക്കാദമിയില്‍നിന്ന് വൈകുന്നേരം നാലിന് തുടങ്ങും. 19ന് കൊണ്ടോട്ടി നേര്‍ച്ചയുടെ തട്ടാന്‍ പെട്ടി വരവിന് സമാനമായ വരവോടെയാണ് സമാപനം.
വാർത്തസമ്മേളനത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്സൺ സി.ടി. ഫാത്തിമ സുഹറ, വൈസ് ചെയർമാൻ അഷ്റഫ് മടാൻ, എ. മൊയ്തീൻ അലി, പി. അബ്ദുറഹിമാൻ, പി.ഇ. സാദിഖ്, മുസ്തഫ ഗെഡക്സോ, സലാം തറമ്മൽ, അബു തംരീക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.