മാലിന്യമില്ലാ നഗരമാകാൻ കൊണ്ടോട്ടി സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം
text_fieldsകൊണ്ടോട്ടി: മാലിന്യമുക്ത കൊണ്ടോട്ടി എന്ന ലക്ഷ്യവുമായി നഗരസഭ നടപ്പാക്കുന്ന സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതി ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. മാതൃകാപരവും സ്വാഗതാർഹവുമായ പദ്ധതിയാണിതെന്ന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു.
നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും ഉറവിട ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതി. ബയോ ബിൻ, ബയോഗ്യാസ് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. പദ്ധതിയിലൂടെ 4016ഓളം വീടുകൾക്കാണ് ജൈവ മാലിന്യ സംസ്കരണ ഉപകരണങ്ങളായ ബയോ ബിൻ, ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നത്. ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾക്ക് പ്രാധാന്യം നൽകി അഞ്ച് വർഷംകൊണ്ട് കൊണ്ടോട്ടി നഗരസഭയെ സീറോ വേസ്റ്റ് നഗരസഭയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.75,54,705 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റ അധ്യക്ഷത വഹിച്ചു.
ടി.വി. ഇബ്രാഹീം എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ സനൂപ്, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാൻ, അബീന പുതിയറക്കൽ, മിനിമോൾ, മുഹ്യിദ്ദീൻ അലി, റംല കൊടവണ്ടി, കൗൺസിലർമാരായ ഷിഹാബ് കോട്ട, ഫൗസിയ ബാബു, ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ രാകേഷ്, നഗരസഭ സെക്രട്ടറി ടി. അനുപമ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.