കൊണ്ടോട്ടി-എടവണ്ണപ്പാറ-അരീക്കോട് റോഡ്; പാത വിപുലീകരണം യാഥാര്‍ഥ്യമായത് നാട്ടൊരുമയില്‍
text_fieldsകൊണ്ടോട്ടി: നാട്ടൊരുമയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുകയാണ് കൊണ്ടോട്ടി-എടവണ്ണപ്പാറ-അരീക്കോട് റോഡിന്റെ വിപുലീകരിച്ചുള്ള നവീകരണം. വാഹന ബാഹുല്യവും ഗതാഗതക്കുരുക്കും നിരന്തരമുള്ള അപകടങ്ങളും വെല്ലുവിളിയായിരുന്ന പാത കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.6 മീറ്റര്‍ വീതിയില്‍ 21 കിലോമീറ്റല് നീളത്തിൽ നവീകരിക്കുന്നതിന് പ്രധാന വെല്ലുവിളിയായിരുന്ന സ്ഥല ലഭ്യത പ്രശ്നം പ്രാദേശികമായുള്ള ജനകീയ ഇടപെടലോടെ മറികടന്നാണ് നിലവിലുള്ള പാത യാഥാര്‍ഥ്യമാക്കിയത്.
ജനപ്രതിനിധികളും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും മറ്റ് ജനകീയ കൂട്ടായ്മകളുടെയും ഫലപ്രദമായ ഇടപെടല്‍ ഇതില്‍ നിര്‍ണായകമായി. റോഡിന് ഇരുവശങ്ങളില്‍നിന്ന് 0.5 മുതല്‍ മൂന്ന് മീറ്റര്‍ വരെ സ്വകാര്യഭൂമി സൗജന്യമായി ലഭ്യമാക്കിയാണ് കിഫ്ബി മാനദണ്ഡപ്രകാരം റോഡിനാവശ്യമായ വീതി ഉറപ്പാക്കിയത്. ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി പാണ്ടിക്കാട് മുതല്‍ അരീക്കോട് മമത ജങ്ഷന് വരെയുള്ള പാത കടന്നുപോകുന്ന ഓരോ പ്രദേശങ്ങളിലും സ്ഥലം വിട്ടുനല്‍കേണ്ട ഭൂവുടമകളെ നേരില്‍കണ്ട് പ്രാദേശിക ജനപ്രതിനിധികളും വിവിധ സംഘടന നേതാക്കളും നടത്തിയ ചര്‍ച്ചകളിലൂടെ സ്ഥല ലഭ്യത പ്രശ്നം പരിഹരിക്കുകയായിരുന്നു.
സൗജന്യമായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് നഷ്ടമായ മതിലുകളും മറ്റ് നിര്‍മിതികളും മാറ്റിയൊരുക്കി നല്കാന് കിഫ്ബിയുടെ അംഗീകാരം നേടിയെടുക്കാനായത് നേട്ടമായെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ പറഞ്ഞു.21 മീറ്റര്‍ നീളത്തില്‍ പാതയിലുണ്ടായിരുന്ന കയറ്റിറക്കങ്ങള്‍ ക്രമീകരിച്ചും ഇരുവശങ്ങളിലും ഓടകള്‍, കലുങ്കുകള്‍, സംരക്ഷണ ഭിത്തികള്‍, കൈപ്പിടികള്‍ തുടങ്ങിയവയെല്ലാം സ്ഥാപിച്ച് ബി.എം.ബി.സി ചെയ്തായിരുന്നു നവീകരണ പ്രവൃത്തി.
80.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ മലബാര്ടെക് കണ്‍സ്ട്രക്ഷന്‍ കമ്പനി പൂര്‍ത്തിയാക്കിയത്. ഇതിനായി വികസനത്തിന് തടസ്സമായി നിന്ന 385 മരങ്ങള്‍ മുറിച്ചുമാറ്റി. 3.16 കോടി രൂപ ചെലവില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും 3.43 കോടി രൂപ ചെലവില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കാലുകളും മാറ്റി സ്ഥാപിച്ചു. റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈനുകള്‍ പൊട്ടുന്ന പ്രശ്നമാണ് നിലവില്‍ അവശേഷിക്കുന്നത്. ശാസ്ത്രീയ ബോധത്തോടെയുള്ള സര്‍ക്കാര്‍ ഇടപെടലിലൂടെ മാത്രമെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ തകരുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പരഹരിക്കാന്‍ സാധിക്കൂവെന്ന് എം.എല്‍.എ പറഞ്ഞു.
നിരന്തരമുള്ള വാഹനാപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്ന എടവണ്ണപ്പാറ ജങ്ഷന് വിപുലീകരണമാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പ്രധാനം. 22.4 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച രണ്ടാം ഘട്ടത്തില്‍ ഈ ജങ്ഷനു പുറമെ മുണ്ടക്കുളം, മുതുവല്ലൂര്‍, ഓമാനൂര്‍, പൊന്നാട്, വാവൂര് എന്നീ ജങ്ഷനുകളുടെ നവീകരണവും എടവണ്ണപ്പാറ, പൂങ്കുടി പാലങ്ങളുടെ വീതി കൂട്ടലും നടക്കും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.