കൊണ്ടോട്ടിയിലെ അഗ്നിബാധ: ആശങ്കയുടെ മണിക്കൂറുകൾ
text_fieldsകൊണ്ടോട്ടി: നഗരത്തിലെ ഭക്ഷണശാലയിലുണ്ടായ അഗ്നിബാധ വന്‍ ദുരന്തമാകാതെ തടഞ്ഞത് അഗ്നിരക്ഷ സേനയുടെ അവസരോചിതമായ ഇടപെടല്‍. അരമീറ്റര്‍ പോലും അകലമില്ലാതെ അടുത്തടുത്തായി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് കൊണ്ടോട്ടി ബൈപാസില്‍ അഗ്നിക്കിരയായ എ വണ്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുമോയെന്ന ആശങ്കയിലായിരുന്നു ആദ്യ ഒരു മണിക്കൂര്‍ നഗരം.
തൊട്ടടുത്ത് നഗരത്തിലെതന്നെ ഏറ്റവും വലിയ വസ്ത്ര ശാലകളിലൊന്ന്. മറുവശത്ത് മൊബൈല്‍ കമ്പനിയുടെ ഷോറൂമും സ്വകാര്യ ബാങ്കും. വൈകീട്ട് തീപിടിത്തമുണ്ടായപ്പോള്‍ തന്നെ ഈ സ്ഥാപനങ്ങളില്‍ എത്തിയവരും ജീവനക്കാരും പുറത്തിറങ്ങിയിരുന്നു.
ഏതുനിമിഷവും മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുമെന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് അഗ്നിരക്ഷാ സേനയുടെ ആദ്യ യൂനിറ്റ് എത്തുന്നത്. ഭക്ഷണശാലയില്‍ ആളിപ്പടരുന്ന തീ അണക്കുന്നതിനുപകരം അടുത്തുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനാണ് ആദ്യമെത്തിയ സേനാംഗങ്ങള്‍ ശ്രമിച്ചത്. ഇതിനിടെ മലപ്പുറത്തുനിന്നെത്തിയ രണ്ട് യൂനിറ്റിലെ സേനാംഗങ്ങള്‍ തീയണക്കാനുള്ള പ്രാഥമിക ശ്രമങ്ങള്‍ ആരംഭിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ഫയര്‍ യൂനിറ്റു കൂടി എത്തിയതോടെ മുന്‍വശത്ത് ആളിപ്പടര്‍ന്ന തീയണക്കാനായി. മുക്കം, മഞ്ചേരി, കോഴിക്കോട് മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷ സേനകള്‍ കൂടി എത്തിയതോടെ തെട്ടിടത്തിനകത്തെ തീയണക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. സുരക്ഷ വസ്ത്രങ്ങള്‍ ധരിച്ച് തീപടര്‍ന്ന ഒന്നാം നിലയില്‍ പ്രവേശിച്ച സേനാംഗങ്ങള്‍ ഒമ്പത് ഫയര്‍ യൂനിറ്റുകളുടെ സഹായത്തോടെ മൂന്ന് നിലകളിലായി പടര് തീ മുഴുവനായും അണച്ചു.
സേനാംഗങ്ങളെ സഹായിക്കാന്‍ ടി.ഡി.ആര്.എഫ് അംഗങ്ങള്‍ക്കും സിവില്‍ ഡിഫന്‍സ് ടീമിനുമൊപ്പം നാട്ടുകാരും വിദ്യാര്‍ഥികളടക്കമുള്ളവരും പൊലീസും സജീവമായി രംഗത്തുണ്ടായിരുന്നു. നിരവധി കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്ന് വലിയ ദുരന്തമാകാമായിരുന്ന സാഹചര്യത്തെ അവസരോചിതമായി നേരിട്ട് ജില്ല ഫയര്‍ ഓഫിസര്‍ എസ്.എല്‍. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തിറങ്ങിയപ്പോള്‍ കൈയടികളോടെയാണ് തിങ്ങിക്കൂടിയ ജനക്കൂട്ടം സ്വീകരിച്ചത്. വിവരമറിഞ്ഞെത്തിയ ടി.വി. ഇബ്രാഹീം എം.എൽ.എയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
രണ്ട് നിലകള്‍ പൂര്‍ണമായി കത്തിനശിച്ചു
മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ മുകളിലെ രണ്ട് നിലകള്‍ പൂര്‍ണമായും താഴത്തെ നില ഭാഗികമായും കത്തിനശിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് പടരാഞ്ഞതിനാല്‍ വന്‍ ദുരന്തം വഴിമാറി.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ഹോട്ടലിന്റെ മുന്നിലെ തന്തൂരി അടുപ്പില്‍നിന്ന് ഒന്നാം നിലയിലേക്ക് തീപടരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും ഇറങ്ങിയോടി.
നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനിടെ മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാസേനയുടെ ഒരു യൂനിറ്റെത്തി ഹോട്ടലിനോട് ചേര്‍ന്ന മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞു. ഇതിനിടെ മലപ്പുറത്ത് നിന്നും മീഞ്ചന്തയില്‍ നിന്നും രണ്ട് യൂനിറ്റുകൾ വീതവും കോഴിക്കോട് ബീച്ച്, മഞ്ചേരി, മുക്കം എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഫയര്‍ യൂനിറ്റുകളും എത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.
കരിപ്പൂരില്‍ നിന്നെത്തിച്ച വിമാനത്താവള അതോറിറ്റിയുടെ ആധുനിക ഫയര്‍ യൂനിറ്റ് മുന്‍വശത്ത് പടര്‍ന്ന തീയണച്ചു. തുടർന്ന് അഗ്നിരക്ഷ ജീവനക്കാര്‍ കെട്ടിടത്തിനകത്ത് കടന്നാണ് പൂര്‍ണമായും അണച്ചത്. വൈകുന്നേരം ആറോടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്.
ആദ്യ രണ്ട് നിലകളിലെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. കരിപ്പൂര്‍ കരുവാങ്കല്ല് കണ്ണഞ്ചിറ കെ.സി. ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ആകെ നാശനഷ്ടം വിലയിരുത്തുന്നതേയുള്ളൂ.
ജില്ല ഫയര്‍ ഓഫിസര്‍ എസ്.എല്‍. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ടി.ഡി.ആര്.എഫ് അംഗങ്ങളും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരും നാട്ടുകാരും പങ്കെടുത്തു. ഡിവൈ.എസ്.പി കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങള്‍ പഴയങ്ങാടി റോഡ് വഴി തിരിച്ചുവിട്ടതിനാല്‍ ഗതാഗത തടസ്സമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.