കൊണ്ടോട്ടി വലിയതോട്ടില്‍ മാലിന്യം നിറയുന്നു
text_fieldsകൊണ്ടോട്ടി: നീരൊഴുക്ക് നിലച്ചു തുടങ്ങിയതോടെ കൊണ്ടോട്ടി വലിയതോട്ടില്‍ മാലിന്യം നിറയുന്നു. നഗരമധ്യത്തോട് ചേര്‍ന്നാഴുകുന്ന ജലാശയം പൂര്‍ണമായും മലിനമായതോടെ ആരോഗ്യ ഭീഷണി ശക്തമാണ്.
ബസ് സ്റ്റാൻഡിനോടു ചേര്‍ന്ന് ബൈപാസിന്റെ ഓരം ചേര്‍ന്ന ഭാഗങ്ങളില്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടെങ്കിലും മാലിന്യം കലര്‍ന്ന് കറുപ്പുനിറമായ വെള്ളത്തിന് ദുര്‍ഗന്ധവുമുണ്ട്. ചീഞ്ഞളിഞ്ഞ മാലിന്യത്തിനൊപ്പം മലിനജലം ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നത് പരിസരപ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ശുദ്ധജലാശയങ്ങള്‍ മലിനമാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുകയാണ്.
ജില്ലയില്‍ത്തന്നെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങി ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാറുള്ള മേഖല കൂടിയാണ് കൊണ്ടോട്ടി. ഇത്തവണ രോഗങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പകര്‍ച്ചവ്യാധികള്‍ ജനാരോഗ്യത്തെ ബാധിക്കുന്നതിനു മുമ്പ് ജലാശയം ശുചീകരിക്കണം എന്ന ആവശ്യം ശക്തമാണ്.
ഓടക്കു സമാനമായി തീര്‍ന്ന ജലാശയത്തിന്റെ പരിസരങ്ങളില്‍ കൊതുകുശല്യവും രൂക്ഷമാണ്. തോടിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലുള്ളവരും ഈ സ്ഥാപനങ്ങളില്‍ എത്തുന്നവരുമാണ് ഇതിന്റെ പ്രയാസം അനുഭവിക്കുന്നത്.
തോടിന്റെ സമീപത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും മറ്റുമായി രാത്രി തോട്ടിലേക്ക് മാലിന്യം നിര്‍ബാധം തള്ളുകയാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി തള്ളിയ മാലിന്യക്കൂമ്പാരം തന്നെയാണ് തോട്ടിലെങ്ങുമുള്ളത്.
ശുചിത്വമുറപ്പാക്കാൻ നടപടികളില്ല
വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്യാനോ ശുചിത്വമുറപ്പാക്കാനോ നടപടികള്‍ ഏതുമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും തുടരുന്ന അനാസ്ഥ പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് തീര്‍ക്കുന്നത്. വേനല്‍ ആരംഭത്തില്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത് തടയാന്‍ വലിയതോട്ടില്‍ നിലവിലുള്ള ജലസമ്പത്ത് സംരക്ഷിച്ച് ശുചിത്വം ഉറപ്പുവരുത്തിയാല്‍ ഒരു പരിധി വരെ സാധിക്കും.
ജലാശയത്തിലേക്ക് മാലിന്യം തള്ളുന്നത് തടയാന്‍ നിലവില്‍ കാര്യക്ഷമമായ ഇടപെടലുകളുണ്ടായിട്ടില്ല. നേരത്തേ തോട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ കക്കൂസ് മാലിന്യങ്ങള്‍ വരെ പൈപ്പുകള്‍ വഴി തോട്ടിലേക്ക് തള്ളിയിരുന്നത് കണ്ടെത്തിയിരുന്നു. അത്തരത്തിലുള്ള പരിശോധനകള്‍ പോലും നിലവില്‍ നടക്കുന്നില്ല. ജൈവ, അജൈവ മാലിന്യങ്ങള്‍ക്കൊപ്പം രാസമാലിന്യങ്ങള്‍ വരെ തോട്ടില്‍ തള്ളുന്ന സ്ഥിതി നിലനില്‍ക്കുകയാണ്.
നഗരസഭ കാത്തിരിക്കുന്നു, വെള്ളം വറ്റാന്‍
മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും വേനലില്‍ മാലിന്യ പ്രശ്നത്തിനും കാരണമാകുന്ന വലിയതോട് നവീകരിച്ചു സംരക്ഷിക്കാന്‍ നേരത്തേ ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും പിന്നീട് നഗരസഭയായപ്പോഴും കൊണ്ടോട്ടിയില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതാണ്. പ്രഖ്യാപനത്തില്‍ കവിഞ്ഞ് ഈ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. മാലിന്യം നീക്കം ചെയ്ത് ആഴം കൂട്ടാന്‍ ജലാശയത്തിലെ വെള്ളം വറ്റുന്നത് കാത്തിരിക്കുകയാണ് ഇപ്പോള്‍ നഗരസഭ. പ്ലാന്‍ ഫണ്ടില്‍നിന്ന് മഴക്കാലപൂര്‍വ ശുചീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷത്തിലധികം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. എന്നാല്‍, നിലവിലെ ജലസമ്പത്ത് സംരക്ഷിക്കാനും വലിയതോട്ടില്‍ മാലിന്യം തള്ളുന്നത് തടയാനും പ്രത്യേക പദ്ധതികള്‍ ഒന്നുമില്ല.
ഇതിനിടെ നഗരസഞ്ചയം പദ്ധതിയിലുള്‍പ്പെടുത്തി വലിയതോട് സംരക്ഷിച്ച് സൗന്ദര്യവത്കരിക്കാനുള്ള പദ്ധതിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ സഹകരണത്തോടെ തോടിന് പാര്‍ശ്വഭിത്തി കെട്ടി ഇരുകരയിലും ടൈല്‍ വിരിച്ച് നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കുന്ന ബൃഹത് പദ്ധതിയാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. മുസ്ലിയാരങ്ങാടി മുറിത്തോട് മുതല്‍ നീറ്റാണി വരെ നഗരസഭ പരിധിയിലെ 11 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.