കൊണ്ടോട്ടി നഗരസഭ; അധ്യക്ഷ പദവി പങ്കുവെക്കലില്‍ തീരുമാനം വൈകുന്നു
text_fieldsകൊണ്ടോട്ടി: നഗരസഭാധ്യക്ഷ സ്ഥാനം പങ്കുവെക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ് അംഗം ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് ഈ മാസം 19ന് തെരഞ്ഞെടുപ്പ് നടക്കും. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ അധ്യക്ഷ സ്ഥാനം പങ്കിടുന്നതില്‍ നേരത്തെയെടുത്ത തീരുമാനം ലീഗ് നേതൃത്വം പാലിക്കുന്നില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസ് അംഗമായ സനൂപ്, അബിന പുതിയറക്കല്‍ എന്നിവര്‍ ഉപാധ്യക്ഷ പദവിയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ഫെബ്രുവരി 20ന് രാജിവെച്ചത്. വിഷയത്തില്‍ മുന്നണി ജില്ല നേതൃത്വം ഇടപെട്ടെങ്കിലും ഇതുവരെ പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല.
40 അംഗങ്ങളുള്ള കൊണ്ടോട്ടി നഗരസഭയില്‍ 23 അംഗങ്ങളുള്ള ലീഗിന് ഉപാധ്യക്ഷ പദവി ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. സ്ഥിരം സമിതി അധ്യക്ഷരുള്പ്പെടെയുള്ളവരെയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ ലീഗ് പരിഗണിക്കുന്നത്. എന്നാൽ ഇക്കാര്യത്തില്‍ ധാരണയായിട്ടില്ല. കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന നിലപാടിലാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലീഗ് നേതൃത്വം. മുന്നണി സമവാക്യത്തിലേക്ക് നഗരസഭയില്‍ കോണ്‍ഗ്രസിനെ എത്തിക്കാന്‍ ജില്ല നേതൃത്വം നടത്തുന്ന നീക്കങ്ങള്‍ക്ക് കടകവിരുദ്ധമായ സമീപനമാണ് പ്രാദേശിക നേതാക്കള്‍ സ്വീകരിക്കുന്നതെന്നത് കൊണ്ടോട്ടിയില്‍ രാഷ്ട്രീയചിത്രം മാറ്റുന്ന സ്ഥിതി വിശേഷവുമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി നടക്കുമ്പോള്‍ പ്രാദേശിക തര്‍ക്കങ്ങള്‍ ഉടനടി പരിഹരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും യു.ഡി.എഫ് ജില്ല നേതൃത്വത്തെ വലക്കുന്നുണ്ട്. ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കാനാണ് നിലവില്‍ കോണ്‍ഗ്രസ് തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്നണിക്കൊപ്പം നിന്നുതന്നെ പ്രാദേശിക കൂട്ടുകെട്ടില്‍ ലീഗിനോട് വഴങ്ങേണ്ടതില്ലെന്ന കോണ്‍ഗ്രസ് തീരുമാനം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. ഉറപ്പായ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ അംഗങ്ങളില്‍നിന്ന് ഒരു പേരുപോലും ലീഗ് പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.