കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സ്ഥാനം: സി.ടി. ഫാത്തിമത്ത് സുഹ്റാബി രാജിവെച്ചു
text_fieldsകൊണ്ടോട്ടി: നഗരസഭാധ്യക്ഷ പദവി പങ്കുവെക്കുന്നതിനെ ചൊല്ലി കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായ ഭിന്നതക്കൊടുവില്‍ ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി അധ്യക്ഷ സ്ഥാനം രാജിവെച്ചു.
വാര്‍ഡ് 19 ചെമ്പാലയിലെ കൗണ്‍സിലറായ സുഹ്റാബി മുന്നണിയുടേയും പാര്‍ട്ടിയുടേയും തീരുമാനപ്രകാരം ശനിയാഴ്ച വൈകുന്നേരം 4.45ന് നഗരസഭ കാര്യാലയത്തിലെത്തി സെക്രട്ടറി എ. ഫിറോസ്ഖാന് രാജിക്കത്ത് കൈമാറുകയായിരുന്നു. അധ്യക്ഷ സ്ഥാനം ഇനി കോണ്‍ഗ്രസിന് ലഭിക്കും. പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കുന്നതുവരെ ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍ നഗരസഭ ആക്ടിങ് ചെയര്‍മാനാകും.
2020 ഡിസംബര്‍ 28ന് അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം കൊണ്ടോട്ടിയുടെ വികസനത്തിനായി നിലകൊള്ളാനും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായതിലും ചാരിതാര്‍ഥ്യമുണ്ടെന്ന് ഫാത്തിമത്ത് സുഹ്റാബി പറഞ്ഞു.
ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷരായ എ. മുഹിയുദ്ദീന് അലി, കെ.പി. ഫിറോസ്, സി. മിനിമോള്‍, നിത ഷഹീര്‍, റംല കൊടവണ്ടി, കൗണ്‍സിലര്‍മാരായ അലി വെട്ടോടന്‍, സി. സുഹൈറുദ്ദീന്‍, ഷാഹിദ, സാലിഹ് കുന്നത്ത്, സതീശന് തേരി, ഫൗസിയ ബാബു, താഹിറ തുടങ്ങിയവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഭരണത്തിലേറി ആദ്യ മൂന്ന് വര്‍ഷം അധ്യക്ഷ പദവി ലീഗിനും അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിനുമെന്ന മുന്നണി ധാരണ പാലിച്ചില്ലെന്ന ആരോപണം ഉയര്‍ത്തി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് അംഗങ്ങളായ പി. സനൂപ് മാസ്റ്റര്‍ ഉപാധ്യക്ഷ സ്ഥാനവും അബീന പുതിയറക്കല്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു.
പിന്നീട് നടന്ന ചര്‍ച്ചയില്‍ നഗരസഭ അധ്യക്ഷ പദവി ജൂണ്‍ മാസത്തോടെ കോണ്‍ഗ്രസിന് നല്‍കാമെന്ന് മുന്നണി ധാരണയിലെത്തുകയും ഇതിന്റെ ഭാഗമായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ച 32ാം വാര്‍ഡ് കൗണ്‍സിലര്‍ ലീഗിലെ അഷ്റഫ് മടാനെ നഗരസഭ ഉപാധ്യക്ഷനായും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെതന്നെ നിത സഹീറിനേയും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി മുസ് ലിം ലീഗിലെ കെ.പി. ഫിറോസിനേയും തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.