നടന്നത് പാലുകാച്ചല്‍ മാത്രം; തുറക്കാതെ കൊണ്ടോട്ടിയിലെ പകല്‍ വീട്
text_fieldsകൊണ്ടോട്ടി: ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കൊണ്ടോട്ടി നഗരസഭ നിര്‍മിച്ച പകല്‍ വീട് അടഞ്ഞു തന്നെ. 65 വയസ്സിന് മുകളില്‍ പ്രായമായവരെ ഒറ്റപ്പെടലില്‍നിന്ന് മോചിപ്പിക്കാനും അവര്‍ക്ക് ഉല്ലസിക്കാനുമായാണ് പകല്‍ വീട് പദ്ധതി ആരംഭിച്ചത്.
ഇതാണ് മാസങ്ങളായി താഴു വീണ് കിടക്കുന്നത്. പകല്‍ വീട് പരിസരം ഇപ്പോള്‍ കാടു മൂടി ഇഴജന്തുക്കളുടെ താവളമായി മാറി. കൊണ്ടോട്ടി നഗരസഭയില്‍ തുറക്കല്‍ ചെമ്മലപ്പറമ്പില്‍ നഗരസഭയുടെ സ്ഥലത്ത് നിർമിച്ച പകല്‍ വീടാണ് ഉദ്ഘാടന ദിവസം തന്നെ പൂട്ടിയിട്ടത്. നഗരസഭ 2018-19 വാര്‍ഷിക പദ്ധതിയിലാണ് 12 ലക്ഷം രൂപ ചെലവില്‍ പകല്‍ വീട് നിര്‍മാണത്തിന് അനുവദിച്ചത്.
കോവിഡ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വീട് ഉദ്ഘാടനം കഴിഞ്ഞത്. 65 വയസ്സിന് മുകളിലുള്ളവരുടെ ജീവിതം ഉന്മേഷത്തിലാക്കുകയാണ് പകല്‍ വീട് കൊണ്ട് ലക്ഷ്യമിട്ടത്. എന്നാല്‍, വീട് നിര്‍മിച്ചത് പകല്‍വീട് പദ്ധതിക്ക് അനുയോജ്യമാകുന്ന രീതിയിലല്ലെന്ന പരാതി ഉയര്‍ന്നു. പകലില്‍ വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് ഒരു തണല്‍ പോലും ലഭിക്കുന്ന മരങ്ങള്‍ വെച്ചു പിടിപ്പിക്കാനോ പ്രായംചെന്നവര്‍ക്ക് വിശ്രമിക്കുന്നതിനോ ഉല്ലസിക്കുന്നതിനോ ഉള്ള സൗകര്യമോ ഇവിടെയില്ലെന്നാണ് പരാതി.
ആസൂത്രണമില്ലാതെ ഫണ്ട് ചെലവഴിക്കാന്‍ വേണ്ടി വെറും ഒരു കെട്ടിടം മാത്രമാണ് നിർമിച്ചതെന്നും പരാതിയുണ്ട്. പ്രായമായവര്‍ക്ക് കുടുംബശ്രീയുടെയും സ്റ്റാഫ് നഴ്സിെൻറ സഹായവും അടിയന്തര ഘട്ടങ്ങളില്‍ മരുന്ന് വിതരണം തുടങ്ങിയവയും പകല്‍ വീട് കൊണ്ട് ലക്ഷ്യമിടുന്നത്.
ടെലിവിഷന്‍ അടക്കമുള്ള ഉല്ലാസങ്ങളും പകല്‍ വീടുകളിലുണ്ട്. രാവിലെ വയോധികരെ എത്തിച്ച് വൈകീട്ടോടെ വീട്ടിലേക്ക് കൊണ്ടുപോകും. പ്രായമായവര്‍ക്ക് വിശ്രമിക്കാനാവുന്ന തരത്തില്‍ പകല്‍വീട് നവീകരിച്ച് വേണ്ട സൗകര്യങ്ങളൊരുക്കി തുറന്നു കൊടുക്കുന്നതിന് ആവശ്യമായ നടപടിയുണ്ടാകുമെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് മടാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.