എന്ന് വരും കൊണ്ടോട്ടിയിൽ റവന്യൂ കോംപ്ലക്സ്?
text_fieldsകൊണ്ടോട്ടി: റവന്യൂ വകുപ്പിലേതുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില് കൊണ്ടുവരുന്ന റവന്യൂ കോംപ്ലക്സിനായുള്ള കാത്തിരിപ്പ് കൊണ്ടോട്ടിയില്‍ നീളുന്നു. മിനി സിവില്‍ സ്റ്റേഷന് മാതൃകയില്‍ കെട്ടിട സമുച്ചയമൊരുക്കാനുള്ള പദ്ധതിക്ക് സ്ഥല ലഭ്യതയാണ് പ്രതിസന്ധിയാകുന്നത്. നേരത്തേ കണ്ടെത്തിയിരുന്ന മൂന്ന് സ്ഥലങ്ങളും ഉപയോഗപ്പെടുത്താനാകില്ലെന്നതാണ് നിലവിലെ അവസ്ഥ. പുതിയ സ്ഥലം കണ്ടെത്താത്ത പക്ഷം കൊണ്ടോട്ടിയുടെ സ്വപ്നപദ്ധതി വാക്കിലൊതുങ്ങും.നഗരസഭയോടു ചേര്‍ന്നുള്ള 50 സെന്റ് സ്ഥലം, നിലവിലെ മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റ് പ്രദേശം, കൊണ്ടോട്ടി വില്ലേജിലെ കൊളത്തൂരിലെ സ്വകാര്യ ലോജിസ്റ്റിക് സ്ഥാപനത്തിന്റെ കൈവശമുള്ള ഭൂമി എന്നിവയാണ് പദ്ധതിക്ക് കണ്ടെത്തിയിരുന്നത്. ഇതിൽ അനുയോജ്യമായത് കണ്ടെത്താൻ കലക്ടര്‍ അധ്യക്ഷനായ സമിതിയെ റവന്യൂ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
നഗരസഭയോടു ചേര്‍ന്നുള്ള പ്രദേശം വയലായതിനാൽ സാങ്കേതികപ്രശ്നങ്ങള്‍ ഉടലെടുത്തു. മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ സിവില്‍ സ്റ്റേഷനായി 0.98303 ഹെക്ടര്‍ ഭൂമികൂടി ഏറ്റെടുക്കേണ്ടിവരും. ഇവിടെ രണ്ട് നില കെട്ടിടം മാത്രമെ നിര്‍മിക്കാനാകൂ. കൊളത്തൂരിലെ ഭൂമിയേറ്റെടുക്കാൻ ഫെയര്‍ വാല്യു കണക്കാക്കാൻ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതും സാങ്കേതികതടസ്സങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്.
താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസുകള്‍, വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വകുപ്പ് ഓഫിസുകള്‍ എന്നിവ നഗരത്തോടു ചേര്‍ന്നുള്ള പൊതുസംവിധാനത്തില്‍ കൊണ്ടുവരണമെന്ന ജനകീയ ആവശ്യമാണ് സാങ്കേതികത്വത്തിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്.
ഇക്കാര്യത്തില്‍ ജനപക്ഷ സമീപനം ജനപ്രതിനിധികളും സര്‍ക്കാറും സ്വീകരിക്കണമെന്ന ആവശ്യവുമായി കക്ഷിരാഷ്ട്രീയമന്യേ ജനം രംഗത്തുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് നെടിയിരുപ്പ് മുതല്‍ കൊണ്ടോട്ടി പഴയങ്ങാടി, ബൈപാസ്, വൈദ്യര് സ്മാരക പരിസരം എന്നിവിടങ്ങളില്‍ കയറിയിറങ്ങേണ്ട ഗതികേടാണ് നാട്ടുകാര്‍ക്ക്. സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പ് മന്ത്രികളുമായും ഉദ്യോഗസ്ഥരുമായും ഇടപെട്ടുവരുകയാണെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. മിനി സിവില്‍ സ്റ്റേഷന് കൊണ്ടോട്ടിയുടെ അടിയന്തര ആവശ്യമാണ്. സ്ഥല ലഭ്യതക്ക് സര്‍ക്കാറിന്റെ ന്യായമായ ഇടപെടലും വേണമെന്ന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.