കെ.എൽ 84 കൊണ്ടോട്ടി: സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് സമര്‍പ്പിച്ചു
text_fieldsകൊണ്ടോട്ടി: കൊണ്ടോട്ടി സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. ഓഫിസിലേക്കുള്ള ആദ്യത്തെ താൽക്കാലിക രജിസ്‌ട്രേഷന്‍ അപേക്ഷ മന്ത്രി ചടങ്ങില്‍ ഏറ്റുവാങ്ങി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള 13ാമത്തെ ആര്‍.ടി ഓഫിസാണ് കൊണ്ടോട്ടി താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
4000 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളൊടെ ചിട്ടപ്പെടുത്തിയ ഓഫിസില്‍ 34 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. മുസ്ലിയാരങ്ങാടിയിലെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.
മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, അരീക്കോട്, വെറ്റിലപ്പാറ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി എന്നി വില്ലേജുകളാണ് ഓഫിസ് പരിധിയില്‍വരുന്നത്. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് തുടങ്ങി എല്ലാ സേവനങ്ങളും ഈ ഓഫിസിന് കീഴില്‍ വരും.
ഒരു ജോയൻറ് ആര്‍.ടി.ഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, രണ്ട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർ, ഒരു സൂപ്രണ്ട്, മൂന്ന് ക്ലര്‍ക്ക് തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ചടങ്ങില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ്, നഗരസഭാധ്യക്ഷ കെ.സി. ഷീബ, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.ആര്‍. അജിത്കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എ.കെ. ശശികുമാര്‍, നാനാക്കല്‍ അസ്മാബി, അശ്‌റഫ് മടാന്‍, കെ.കെ. ആലിബാപ്പു, എന്‍. പ്രമോദാസ്, പുലത്തില്‍ കുഞ്ഞു, അബൂബക്കര്‍ പാങ്ങോട്, സി. മുഹമ്മദ് റാഫി, എ. മുഹമ്മദ് ഷാ, ചുക്കാന്‍ ബിച്ചു, അഡ്വ. കെ.കെ. സമദ്, പി. അ്ദുറഹ്മാന് ഇണ്ണി, തന്നിക്കല്‍ കുഞ്ഞുട്ടി, കൂനൂക്കര അലവിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ സബ് ആര്‍.ടി ഓഫിസ്: പ്ലാനിങ് ബോര്‍ഡ് അംഗീകാരമായതായി മന്ത്രി
കൊണ്ടോട്ടി: കേരളത്തില്‍ പുതിയ എട്ട് സബ് ആര്‍.ടി ഓഫിസിനുള്ള നിര്‍ദേശത്തില്‍ പ്ലാനിങ് ബോര്‍ഡ് അംഗീകാരമായതായി മന്ത്രി എ.കെ. ശശീന്ദ്രന്‍. മലപ്പുറം ജില്ലയില്‍ കോട്ടക്കലിലാണ് പുതിയ ഓഫിസ് പരിഗണനയിലുള്ളത്.
പ്ലാനിങ് ബോര്‍ഡ് അംഗീകാരം ലഭിക്കുക എന്നതാണ് വലിയ കടമ്പ. വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയഭേദമന്യേ സമഗ്രവും സന്തുലിതവുമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വസനീയമായ കേന്ദ്രമായി ആര്‍.ടി.ഒ ഓഫിസുകള്‍ മാറണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.