കാത്തിരിപ്പിന് വിരാമം; കൊണ്ടോട്ടി സബ് ആർ.ടി ഓഫിസ് ഉദ്ഘാടനം 27ന്
text_fieldsകൊണ്ടോട്ടി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കൊണ്ടോട്ടിയിൽ പുതുതായി അനുവദിച്ച സബ് ആർ.ടി ഓഫിസിെൻറ ഉദ്ഘാടനം 27ന് രാവിലെ 9.30ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.
കൊണ്ടോട്ടി കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപവത്കൃതമായ അന്ന് മുതലുള്ള പ്രധാനപ്പെട്ട ഒരു ആവശ്യമാണ് മോട്ടോർ വാഹനവകുപ്പിന് കീഴിൽ റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്. ഒരുവർഷത്തോളമായി സബ് ആർ.ടി ഓഫിസിന് അനുമതി ലഭിച്ചിട്ട്. പലകാരണങ്ങളാൽ പ്രവർത്തനം തുടങ്ങുന്നത് നീണ്ടുപോവുകയായിരുന്നു.
പ്രധാനമായും ഓഫിസിന് അനുയോജ്യമായ കെട്ടിടം ലഭിക്കാത്തതായിരുന്നു പ്രതിസന്ധിയിലാക്കിയത്. ഇതിനിടെ ലോക്ഡൗൺ വന്നതും ബുദ്ധിമുട്ടിലാക്കി. നാലുമാസം മുമ്പാണ് മുസ്ലിയാരങ്ങാടിയിൽ സ്വകാര്യ കെട്ടിടം കണ്ടത്തിയത്.
ഇതിനിടെ കെട്ടിടത്തിലെ ഓഫിസ് ക്രമീകരണ പ്രവൃത്തി പൂർത്തീകരണം വൈകിയത് ഉദ്ഘാടനം നീണ്ടു. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും.
കെ.എൽ. 84, ഇനിമുതൽ കൊണ്ടോട്ടി
കൊണ്ടോട്ടി: കെ.എൽ. 84 രജിസ്ട്രേഷൻ സീരീസിലാണ് കൊണ്ടോട്ടിയിൽ രജിസ്ട്രേഷൻ നടക്കുക. ഓഫിസ് പരിധിയിൽ മൊറയൂർ, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കൽ, പള്ളിക്കൽ, ചേലേമ്പ്ര, ചെറുകാവ്, വാഴയൂർ, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ, അരീക്കോട്, വെറ്റിലപ്പാറ, കീഴുപറമ്പ്, ഊർങ്ങാട്ടിരി എന്നീ വില്ലേജുകളാണ് ഉൾപ്പെടുന്നത്.
ഈ പ്രദേശങ്ങളിലെ ആളുകൾക്ക് ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് തുടങ്ങി എല്ലാസേവനങ്ങളും ലഭ്യമാകും. ജോ.ആർ.ടി ഓഫിസർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, രണ്ട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, സൂപ്രണ്ട്, മൂന്നു ക്ലർക്ക് തുടങ്ങിയ തസ്തികകളാണ് ഓഫിസിൽ സൃഷ്ടിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരെ ഇതിനോടകം നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.