കൊണ്ടോട്ടി നഗരവും ഗ്രാമങ്ങളും വെള്ളക്കെട്ടിൽ
text_fieldsകൊണ്ടോട്ടി: രണ്ടുദിവസമായി നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും സമീപ ഗ്രാമങ്ങളും വെള്ളക്കെട്ടിലായി. നിരത്തുവക്കുകളിലെ ഓടകള്‍ അടഞ്ഞതോടെ മഴവെള്ളവും മാലിന്യവവും റോഡില്‍ പരന്നൊഴുകുന്ന അവസ്ഥയാണ്. മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമാകാത്തതിനാൽ കാല്‍നട യാത്രക്കുപോലും ദുരിതപൂർണമാണ്.
നഗരപ്രാന്തങ്ങളിലാണ് വെള്ളക്കെട്ട് വലിയ ഭീഷണി സൃഷ്ടിക്കുന്നത്. വിദ്യാര്‍ഥികളും രോഗികളും ഉള്‍പ്പെടെയുള്ളവരുടെ യാത്ര പ്രതിസന്ധിയിലായിട്ടും അനിവാര്യമായ ഇടപെടല്‍ അധികൃതരില്നിന്നുണ്ടാകുന്നില്ല.
നഗരസഭ റോഡുകളും പൊതുമരാമത്ത് റോഡുകളും മഴക്കാലത്തിനുമുമ്പ് ഉപയോഗപ്രദമാകുന്ന രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ദേശീയപാതയിലടക്കം നേരത്തേ നികത്തിയ കുഴികള്‍ മഴ ശക്തിയാര്‍ജ്ജിച്ചതോടെ പഴയപടിയായി. ഇത് തുടർച്ചയായ അപകടങ്ങള്‍ക്കും വഴിവെക്കുന്നു.
ഇക്കാര്യത്തില്‍ ജനകീയ പ്രതിഷേധവും ശക്തമാണ്. കൊണ്ടോട്ടിയില്‍ സുരക്ഷിത യാത്രസാഹചര്യം ഒരുക്കണമെന്നും പൊതുമരാമത്ത്, ദേശീയപാത, നഗരസഭ അധികൃതര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആവശ്യമുയര്‍ന്നിട്ടും ബന്ധപ്പെട്ടവരില്‍നിന്ന് അനാസ്ഥ സമീപനമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. നഗരത്തോടുചേര്‍ന്ന പ്രധാന ജലസ്രോതസ്സായ വലിയ തോട് കരകവിയുന്നതോടെ പോയവര്ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഇത്തവണയും ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും വ്യാപാരികളും.
നീറാട് കുട്ടന്‍കാവ് മേഖലയില്‍ ജനജീവിതം ആശങ്കയില്‍
കൊണ്ടോട്ടി: മഴ ശക്തിയാര്ജ്ജിച്ചത്തോടെ കൊണ്ടോട്ടി നീറാട് - കുട്ടന്‍കാവ് മേഖലയില്‍ വെള്ളക്കെട്ട് ജന ജീവിതത്തിന് ഭീഷണിയാകുന്നു. നീറാട് ജങ്ഷനില്‍ ഇ.എം.ഇ.എ സ്കൂള്‍ ഭാഗത്തേക്ക് ഉള്ള റോഡിന്റെ തുടക്കത്തില്‍ രൂപപ്പെട്ട വെള്ള കെട്ട് യാത്രക്കാര്‍ക്കും സ്കൂള്‍, മദ്റസ വിദ്യാര്‍ഥികള്‍ക്കും പ്രയാസം വെല്ലുവിളിയാകുകയാണ്.
മേഖലയിലെ വീടുകളിലും വെള്ളം കയറുന്ന അവസ്ഥ രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുണ്ട്. റോഡ് നവീകരണത്തിലും അഴുക്കുചാല്‍ നിര്‍മാണത്തിലും ശാസ്ത്രീയമായ ഇടപെടലുണ്ടാകാത്തത് നാട്ടുകാരെ ബാധിക്കുമെന്ന് നേരത്തേ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, വിഷയത്തില്‍ പരിഹാരം കാണാതെ അനധികൃത അവഗണന തുടരുകയാണ്. മേഖലയില്‍ മിക്ക വീടുകളിലും വെള്ളം കയറിയ അവസ്ഥയാണ് ഇപ്പോളുള്ളത്. പ്രദേശത്തെ ആരാധനാലയവും ദുരന്ത ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.