കാഴ്ചയിൽ കൗതുകം നിറച്ച് അക്കാദമി മ്യൂസിയം; രണ്ടാംഘട്ട നവീകരണം പൂർത്തിയായി
text_fieldsകൊണ്ടോട്ടി: വ്യാജ പുരാവസ്തുക്കൾ കളം നിറയുന്ന കാലത്ത് കാഴ്ചയുടെ കൗതുകം നിറക്കുകയാണ് കൊണ്ടോട്ടി വൈദ്യർ അക്കാദമി മ്യൂസിയം. മ്യൂസിയത്തിനകത്ത് കടന്നാൽ കാഴ്ചക്കാരുടെ ഓർമകൾ വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കും. പൂർവികരുടെ ജീവിതത്തെ അടയാളപ്പെടുത്തിയ ഒരുപിടി പുരാവസ്തുക്കൾ കണ്ടിറങ്ങാം. പുരാവസ്തു വകുപ്പ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയവയെന്ന് അക്കാദമിയുടെ ഉറപ്പ്.
പുതുതലമുറക്ക് അന്യമായ പഴയ കാർഷിക സംസ്കൃതിയുടെ ഭാഗമായ നുകം, പറ, ഏത്തക്കൊട്ട, പോസ്റ്റ് ഓഫിസ് ത്രാസുകൾ, വിവിധതരം തിലാൻ, താളിയോലകൾ, ടൈപ്െറെറ്റർ, റെയിൽവേ റാന്തൽ, ആദ്യകാലത്തെ കാമറ, വാൽവ് റേഡിയോ, വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ, സുറുമച്ചെപ്പ്, വാദ്യോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി വർഷങ്ങൾ പഴക്കമുള്ള ഒട്ടനവധി പുരാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്.
ചരിത്ര വിദ്യാർഥികൾക്കടക്കം ഏറെ ഗുണം ചെയ്യുന്ന വിവിധ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. മരിച്ച ലോക സഞ്ചാരി മൊയ്തു കിഴിശ്ശേരി മുപ്പതോളം രാജ്യങ്ങളിൽനിന്നും സ്വദേശത്തുനിന്നും ശേഖരിച്ചവയാണ് അക്കാദമി മ്യൂസിയത്തിലുള്ളത്. 65 ലക്ഷം രൂപ നൽകിയാണ് ഇവ സ്വന്തമാക്കിയത്. ഇതിന് പുറമെ 1921ലെ മലബാർ സമരത്തിെൻറ നേർചിത്രങ്ങളും മ്യൂസിയത്തിലുണ്ട്. ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടാൻ ആലി മുസ്ലിയാരും അനുയായികളും നിരായുധരായി പട്ടാളത്തിന് മുന്നിൽ നിൽക്കുന്നതും ആലി മുസ്ലിയാരെ ജയിലിലേക്ക് കൊണ്ടുപോകുന്നതും ഉൾപ്പെടെ സമരത്തിെൻറ സംഭവബഹുലമായ ചരിത്രം ഓർമിപ്പിക്കുന്ന നൂറോളം ചിത്രങ്ങളാണ് അക്കാദമി ഗാലറിയിലുള്ളത്.
മ്യൂസിയത്തിെൻറ ആദ്യ ഘട്ടം നേരത്തേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. മിക്ക വസ്തുക്കളും ഇതിൽ ഉൾക്കൊള്ളിക്കാൻ കഴിയാതെ വന്നതോടെ മ്യൂസിയം നവീകരിക്കുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ കൊണ്ടോട്ടി നേർച്ചയുടെയും കൊണ്ടോട്ടിയിലെയും പഴകാല ചിത്രങ്ങൾ കാണാനും അവസരമൊരുക്കും. കലാകാരന്മാരുടെ നേതൃത്വത്തിൽ 'ബദ്റുൽ മുനീർ ഹുസ്നുൽ ജമാൽ' ചിത്രവും മ്യൂസിയത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. അടുത്ത ഘട്ടത്തിൽ കലയും സംസ്കാരവുമായും ബന്ധപ്പെട്ട വസ്തുക്കൾ മ്യൂസിയത്തിലെത്തിക്കും. ഇതിനായി സർക്കാറിന് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന മുറക്ക് കാഴ്ചക്കാർക്കായി മ്യൂസിയം വീണ്ടും തുറന്നുകൊടുക്കുമെന്ന് അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.