കുട്ടിപ്പാട്ടുകാരന് കൊട്ടുക്കര സ്കൂളിെൻറ സ്നേഹഭവനം
text_fieldsകൊണ്ടോട്ടി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതിെൻറ സങ്കടം പാടിപ്പറഞ്ഞ പോത്തുകല്ല് കുനിപ്പാലയിലെ കുട്ടിപ്പാട്ടുകാരൻ മുഹമ്മദ് അൽതാഫിന് കൊട്ടുക്കര പി.പി.എം ഹയർസെക്കൻഡറി സ്കൂൾ നിർമിച്ച വീട് സമർപ്പിച്ചു. 2019 ആഗസ്റ്റ് എട്ടിലെ പ്രളയത്തിൽ പോത്തുകല്ല് ചാലിയാർ തീരത്തുള്ള അൽതാഫിെൻറ വീട് മലവെള്ളപ്പാച്ചിൽ കാർന്നെടുത്തിരുന്നു. പിതാവ് വായ്പയെടുത്ത് നിർമിച്ച സ്വപ്നവീട് തകർന്നപ്പോൾ ആ സങ്കടം അവൻ പാടിപ്പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി പോത്തുകല്ലിൽ എത്തിയ കൊട്ടുക്കര സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഈ കൊച്ചുഗായകെൻറ സങ്കടം തിരിച്ചറിഞ്ഞു. പുതിയ സ്ഥലം വാങ്ങി വീട് നിർമിക്കാൻ ആവശ്യമായ ഫണ്ട് സ്വരൂപിക്കാനായി പ്രമുഖ ഗായകരെ ഉൾപ്പെടുത്തി പാട്ടുരാവ് സംഘടിപ്പിച്ച് എട്ട് ലക്ഷം രൂപയാണ് കൊട്ടുക്കര സ്കൂൾ സ്വരൂപിച്ചത്.
ഈ ഫണ്ട് ഉപയോഗിച്ചാണ് പോത്തുകല്ല് കാത്തലിക് ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് പുതിയ വീട് നിർമിച്ചത്. സ്നേഹഭവനത്തിെൻറ സമർപ്പണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിലമ്പൂർ ഭാഗത്ത് കൊട്ടുക്കര സ്കൂൾ കൊക്കൂൺ എന്നപേരിൽ നിർമിച്ചുനൽകിയ ഏഴ് താൽക്കാലിക ഭവനങ്ങളുടെ സമർപ്പണം ടി.വി. ഇബ്രാഹീം എം.എൽ.എ നിർവഹിച്ചു. പി.വി. അൻവർ
എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. അബ്ദുൽമജീദ്, മാനേജർ എം. അബൂബക്കർ ഹാജി, പി.ടി.എ പ്രസിഡൻറ് അഡ്വ. കെ.കെ. ഷാഹുൽ ഹമീദ്, പ്രധാനാധ്യാപകൻ പി.കെ. സുനിൽകുമാർ,
സി.എച്ച്. ഇഖ്ബാൽ, ഇസ്മായിൽ മൂത്തേടം, സി. ജുനൈദ്, ഫാ. ബിജി ചാണ്ടി, കെ.ടി. അബ്ദുറഹ്മാൻ, വി. ഇബ്രാഹിം, എം. ഹംസ ഹാജി, വി.പി. സിദീഖ്, മുഹമ്മദ് പിലാക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.