വീട്ടുജോലിക്കും കുടുംബശ്രീ റെഡി
text_fieldsകൊണ്ടോട്ടി: കുടുംബശ്രീ ജില്ലയില്‍ വീട്ടുജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനായി ആവിഷ്ക്കരിച്ച ‘ക്വിക്ക് സെര്‍വ് അര്‍ബന്‍ സര്‍വിസ്'ന് കൊണ്ടോട്ടി നഗരസഭയില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ വീട്ടുജോലികള്‍, ഗൃഹ ശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വയോജകരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ, കാര്‍ കഴുകല്‍ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് സി.ഡി.എസ് ഭാരവാഹികള്‍ അറിയിച്ചു.
നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് - ഒന്നിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരക്കേറിയ നഗര ജീവിത സംസ്കാരത്തില്‍ ആവശ്യക്കാര്‍ക്ക് വിശ്വസ്തതയോടെ സമീപിക്കാനും ചുരുങ്ങിയ ചെലവില്‍ സേവനം ലഭ്യമാകുമെന്നതുമാണ് ക്വിക്ക് സെര്‍വ് അര്‍ബന്‍ സര്‍വീസിന്റെ പ്രത്യേകത.
ഇതിനൊപ്പം അംഗങ്ങളായ നിരവധി വനിതകള്‍ക്ക് സുസ്ഥിര വരുമാനവും ലഭ്യമാകും. സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ക്വിക്ക് സെര്‍വ് പ്രൊവൈഡിങ് കേന്ദ്രത്തില്‍ 9496167338 എന്ന നമ്പറില്‍ വിളിച്ച് പ്രവര്‍ത്തകുടെ സേവനം ലഭ്യമാക്കാം. സര്‍വിസ് പ്രൊവൈഡറായി ചേര്‍ത്തിട്ടുള്ള അംഗങ്ങള്‍ക്ക് മൂന്നു ദിവസത്തെ പരിശീലനം നല്‍കും.
ആദ്യ സര്‍വിസ് പ്രൊവൈഡിങ് കേന്ദ്രം ഉദ്ഘാടനം നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ റംല കൊടവണ്ടി, നിത ഷഹീര്‍, സി. മിനിമോള്‍, എ. മുഹിയുദ്ദീന് അലി. കൗണ്‍സിലര്‍മാരായ വി. അലി, ശിഹാബ് കോട്ട, സൗദാബി, ഫൗസിയ ബാബു, കെ. നിമിഷ, സൗമ്യ, കെ. താഹിറ, ഫാത്തിമ, മുനീറ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ എ. ഫാത്തിമ ബീവി, കെ.പി. റൈഹാനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.