മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയോട് ആസക്തി –ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: അസഹിഷ്ണുതയോടുള്ള ആസക്തിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിലും പെരുമാറ്റത്തിലും പ്രകടമാവുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യധാര പത്രമായ മാധ്യമം ഗൾഫിൽ മരിച്ച പ്രവാസികളുടെ പടം വെച്ച് 'ഇനിയെത്ര പേർ മരിക്കണം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതിനോട് മുഖ്യമന്ത്രി എത്ര അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത് എന്ന് ഷാഫി ചോദിച്ചു. മാധ്യമങ്ങളുടെ വിമർശനങ്ങളെ ശരിയായി മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതിന് തെളിവാണിത്. നൻമ വാക്കിൽ മാത്രം പോര പ്രവൃത്തിയിലും വേണം. അതില്ലാത്തതിനാലാണ് പ്രവാസികളെ യഥാസമയം നാട്ടിലെത്തിക്കാൻ സാധിക്കാത്തതും അവരവിടെ മരിച്ചുവീഴാൻ കാരണമാവുന്നതും.
പ്രവാസികളോടുള്ള സംസ്ഥാന സർക്കാറിെൻറ വിവേചനത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോടുവരെ കാൽനടയായി സഞ്ചരിച്ച ജസ്റ്റിസ് മാർച്ചിെൻറ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷത്തെ ഒൗദ്യോഗിക ചെലവിൽ പുച്ഛിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. രമ്യ ഹരിദാസ് എം.പി, കെ.എസ് ശബരീനാഥൻ എം.എൽ.എ, അഡ്വ. പി.എം. നിയാസ്, അഡ്വ. പ്രവീൺകുമാർ, അഡ്വ. ടി. സിദ്ദീഖ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി തുടങ്ങിയവർ സംസാരിച്ചു.
നേരത്തെ, കരിപ്പൂര്‍ വിമാനത്താവളത്തിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. കരീം, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, അഡ്വ. ഫാത്തിമ റോഷ്ണ, അഡ്വ. വിദ്യ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.