മേലങ്ങാടി റോഡിലെ ഗതാഗതക്കുരുക്ക് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുക്കുന്നു
text_fieldsകൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ പതിനേഴാം മൈലില്‍ നടക്കുന്ന റോഡ് പുനരുദ്ധാരണ പ്രവൃത്തി കാരണം വിമാനത്താവളം -മേലങ്ങാടി -കൊണ്ടോട്ടി പാതയില്‍ അനുഭവപ്പെടുന്ന യാത്രദുരിതം ജനകീയ പ്രതിഷേധത്തിന് ഇടയാക്കുന്നു. പാത പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി വര്‍ധിപ്പിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ശക്തിപ്പെടുന്നത്.
പതിനേഴാം മൈലിലെ റോഡ് പ്രവൃത്തിയെ തുടര്‍ന്ന് മേലങ്ങാടി വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെയുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വിവിധ സംഘടനകള്‍ ഏറ്റുപിടിക്കുകയാണ്.
നഗരസഭ പരിധിയില്‍ വരുന്ന റോഡിന്റെ വീതിക്കുറവും, ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിലധികം വാഹനങ്ങള്‍ എത്തുന്നതുമാണ് ജനവാസ മേഖലയായ പ്രദേശത്ത് വെല്ലുവിളി സൃഷ്ടിക്കുന്നത്. പാത പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി വര്‍ധിപ്പിച്ച് നഗരത്തിലെ ഗതാഗത ക്രമീകരണങ്ങള്‍ക്ക് മാറ്റം വരുത്തണം എന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നതാണ്.
നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുണ്ട്. റോഡ് പുനരുദ്ധാരണത്തിന് നടപടി ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു. കക്ഷി -രാഷ്ട്രീയഭേദമില്ലാതെ നൂറുകണക്കിനു പേര് പങ്കെടുത്ത മാര്‍ച്ച് വിമാനത്താവളത്തിനടുത്ത് ന്യൂമാന്‍ ജങ്ഷനില്‍ ആരംഭിച്ച് നഗരസഭ കാര്യാലയത്തിനു മുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു.
കെ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഫസല്‍ കോട്ടപ്പറമ്പ് അധ്യക്ഷത വഹിച്ചു. നൗഷാദ് ചുള്ളിയന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി. നാസര്‍, സോമന് കാഞ്ഞിരപറമ്പ് എന്നിവർ സംബന്ധിച്ചു.
കലക്ടര്‍ക്ക് പരാതി നല്കി
കൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടി പതിനേഴാം മൈലില്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി ജില്ല കലക്ടടര്ക്ക് നിവേദനം നല്കി.
മന്ദഗതിയില്‍ നടക്കുന്ന പ്രവൃത്തികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയാണ്. അശാസ്ത്രീയ ഗതാഗത നിയന്ത്രണം പരിഹരിക്കണമെന്നും പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമിതി നഗരസഭ സമിതി ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സായാഹ്ന ധര്‍ണ തിങ്കളാഴ്ച
കൊണ്ടോട്ടി: മേലങ്ങാടി -എയര്‍പോര്‍ട്ട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുക, റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയപാത നിർമാണ ജോലിയുമായി ബന്ധപ്പെട്ട് ഇതുവഴി വാഹനങ്ങള്‍ തിരിച്ചുവിട്ടതിലെ അശാസ്ത്രീയത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിലേക്ക്.
മേഖലയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പ്രശ്നത്തില്‍ കാര്യബോധമില്ലാതെ അധികൃതര്‍ ഗതാഗത നിയന്ത്രണവും പരിഷ്കരണവും ഏര്‍പ്പെടുത്തുകയായിരുന്നു എന്നാണ് ആക്ഷേപം. മേലങ്ങാടി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മേലങ്ങാടിയില്‍ ജനകീയ സഹകരണത്തോടെയാണ് സായാഹ്ന ധര്‍ണ നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാര്‍ട്ടി മണ്ഡലം മുനിസിപ്പല്‍ നേതാക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.