വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള മൊബൈല്‍ ലബോറട്ടറി ഇന്ന് നാടിന് സമര്‍പ്പിക്കും
text_fieldsകൊണ്ടോട്ടി: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് റിസര്‍ച് ആൻഡ് റീഹാബിലിറ്റേഷന്‍ സെൻററിന് കീഴില്‍ വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള മൊബൈല്‍ ലബോറട്ടറി ശനിയാഴ്ച മുതല്‍ രോഗനിര്‍ണയത്തിന് ജനങ്ങള്‍ക്കിടയിലേക്ക് ഓടിത്തുടങ്ങും.
നാട്ടില്‍ വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് മക്ക കെ.എം.സി.സിയും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെൻറര്‍ മക്ക സ്പോർട്ടിങ് കമ്മിറ്റിയും കൈകോർത്ത് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെൻററിന് അത്യാധുനിക സൗകര്യങ്ങളോടെ മൊബൈല്‍ ലബോറട്ടറി ഒരുക്കിനല്‍കിയത്.
ശനിയാഴ്ച വൈകീട്ട് നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൊണ്ടോട്ടിയിലും പരിസര പഞ്ചായത്തുകളിലുമായി നിരവധി രോഗികള്‍ വൃക്കരോഗത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്.
നിലവിൽ 100ലേറേ രോഗികള്‍ ഡയാലിസിസ് ചെയ്തുവരുകയാണ്. 500ലേറെ പുതിയ അപേക്ഷകള്‍ അവസരത്തിനായി കാത്തുകിടക്കുന്നുമുണ്ട്. ഈ സാഹചര്യത്തെ അതിജീവിക്കാനാണ് മൊബൈല്‍ ലബോറട്ടറി എന്ന നൂതനപദ്ധതി ആവിഷ്കരിച്ചതെന്ന് ചെയര്മാന് പി.എ. ജബ്ബാര്‍ ഹാജി പറഞ്ഞു.
തായ്ലൻഡില്നിന്നുള്ള അത്യാധുനിക ഉപകരണങ്ങളോടെ കാല് കോടിയിലേറെ രൂപ ചെലവിട്ടാണ് മൊബൈല്‍ ലബോറട്ടറി സജ്ജീകരിച്ചിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെയും മറ്റും സഹകരണത്തോടെ വാര്‍ഡ് തലങ്ങളില്‍ ചെന്ന് രോഗത്തെ പ്രാരംഭത്തിലേ കണ്ടെത്തുകയും തുടര്‍ചികിത്സയും ബോധവത്കരണവും നടത്തുകയുമാണ് മൊബൈല്‍ ലബോറട്ടറികൊണ്ട് ലക്ഷ്യമിടുന്നത്. അതുവഴി വൃക്കരോഗമടക്കമുള്ള രോഗങ്ങളുടെ ആരംഭം കണ്ടെത്താനും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനും കഴിയും. ലാബ് ടെക്നീഷ്യൻമാരും സ്റ്റാഫ് നഴ്സ്, ബോധവത്കരണ കണ്‍വീനര്‍ അടക്കം വാഹനത്തിലുണ്ടാകും.
ചടങ്ങില്‍ ഡയഗ്നോസ്റ്റിക് സെൻറര്‍ മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹീം എം.എല്‍.എ ഫാര്‍മസി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.