നിർമാണ അശാസ്ത്രീയതയും അമിത വേഗവും; ദേശീയപാതയിൽ അപകട ഭീതി
text_fieldsകൊണ്ടോട്ടി: കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനങ്ങളുടെ അമിത വേഗവും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും നിരന്തര അപകടങ്ങള്‍ക്ക് കാരണമാകുന്നു.
അങ്ങാടിക്ക് സമീപം ക്രിസ്ത്യന്‍ പള്ളി മുതല്‍ പെട്രോള്‍ പമ്പ് വരെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നിരന്തരം ഉണ്ടാകുന്നത്. ഒരുവര്‍ഷം മുമ്പ് ദേവാലയത്തിന് സമീപം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റതും ഇതേ മേഖലയിലാണ്. വലിയ അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രം ഇടപെടുന്ന അധികൃതര്‍ നിരന്തരമുണ്ടാകുന്ന അപകടങ്ങളോട് കണ്ണടക്കുകയാണ്. പ്രദേശത്ത് അപകട നിവാരണ സംവിധാനങ്ങള്‍ വൈകുന്നതാണ് കാല്നടയാത്രക്കാരൻ അലവിക്കുട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് മരിക്കാൻ കാരണമെന്ന ആരോപണവും ശക്തമാണ്.ദേവാലയത്തിനു സമീപം റോഡിലെ ചെറിയ വളവുള്ള ഭാഗത്തെ കയറ്റമാണ് പ്രധാന അപകട കാരണമാകുന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് വളവുതിരിഞ്ഞ് ചെറിയ കയറ്റം കയറി വരുന്ന ചെറുവാഹനങ്ങളെ എതിര് ദിശയില്‍ വരുന്ന വാഹനങ്ങൾക്ക് കാണാനാകാത്തതാണ് പ്രധാന പ്രശ്നം. അമിത വേഗത്തില്‍ മുന്നിലുള്ള വാഹനങ്ങളെ മറികടന്നെത്തുന്ന വാഹനങ്ങളാണ് ചെറുവാഹനങ്ങളില്‍ ഇടിക്കുന്നത്. ഈ ഭാഗത്തെ അപകട സാധ്യത അറിയിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും നിരത്തുവക്കിലില്ല.
യാത്ര വാഹനങ്ങളുടെയും ഭാര വാഹനങ്ങളുടെയും അമിത വേഗവും വെല്ലുവിളിയാണ്. വാഹന യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും ജീവന് പന്താടുന്ന ഭീകരതയാണ് അമിത വേഗം സൃഷ്ടിക്കുന്നത്. മലപ്പുറം, മഞ്ചേരി ഭാഗങ്ങളില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല.
മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിരീക്ഷണവുമില്ല. കെ.എസ്.ആര്.ടി.സി ബസുകളും സ്വകാര്യ ബസുകളും ഒരുപോലെ മത്സരയോട്ടത്തില് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ റോഡ് നിയമങ്ങള്‍ പാടെ ലംഘിക്കപ്പെടുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.