നെടിയിരുപ്പ് വില്ലേജ് ഓഫിസില്‍നിന്ന് ഇറങ്ങുന്നവരുടെ ജീവൻ അപകടത്തിൽ
text_fieldsകൊണ്ടോട്ടി: തിരക്കേറിയ ദേശീയപാതയിലേക്ക് പ്രധാന കവാടം തുറന്നിട്ടിരിക്കുന്ന നെടിയിരുപ്പ് വില്ലേജ് ഓഫിസ് ഉപഭോക്താക്കള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. കോഴിക്കോട്- പാലക്കാട് ദേശീയപാതയോരത്ത് കുറുപ്പത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസില്‍നിന്ന് പുറത്തു കടക്കുന്നവര്‍ നേരിട്ട് ദേശീയപാതയിലാണ് എത്തുക. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന നിരത്തിലേക്ക് ഗുണഭോക്താക്കള്‍ നേരിട്ടെത്തുന്നത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ദേശീയപാതയോട് ചേര്‍ന്നുള്ള വില്ലേജ് ഓഫിസ് കെട്ടിടത്തിന് മുറ്റം പോലുമില്ല. ഇതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസില്‍ എത്തുന്നവര്‍ക്ക് വാഹനം നിര്‍ത്താന്‍ പോലും സംവിധാനമില്ല. ദേശീയപാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയാണ് ഗുണഭോക്താക്കള്‍ ഓഫിസില്‍ എത്തുന്നത്. തിരക്കേറിയ ദേശീയപാതയോരത്ത് നിര്‍ത്തുന്ന വാഹനങ്ങളില്‍നിന്ന് വേണം ഉപഭോക്താക്കള്‍ക്ക് വില്ലേജ് ഓഫിസിലെത്താന്‍. വാഹനങ്ങള്‍ ലഭിക്കാന്‍ റോഡ് മുറിച്ചു കടക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
1997ലാണ് സ്വന്തം കെട്ടിടത്തില്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നഗരസഭ രൂപവത്കരിച്ചെങ്കിലും പഴയ പഞ്ചായത്ത് പരിധിയിലാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ദേശീയപാതയോരത്തെ ഇരുനില കെട്ടിടത്തില്‍ മുകള്‍ നില താലൂക്കുതല അത്യാഹിത വിഭാഗത്തിനായി വിട്ടുകൊടുക്കണമെന്ന നിർദേശവും നിലവിലുണ്ട്. ഇതോടെ ഫയലുകള്‍ സൂക്ഷിക്കാനുള്ള സംവിധാനവും വില്ലേജ് ഓഫിസില്‍ ഇല്ലാതാകും.
രണ്ടു നിലയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസ് ഒരു നിലയിലേക്ക് മാറുന്നതോടെ നിലവിലെ സൗകര്യങ്ങളും ഇല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. പൊതുജനങ്ങള്‍ക്കായി ഫ്രന്‍ഡ് ഓഫിസ് സൗകര്യവും ഇരിക്കാനുള്ള സംവിധാനങ്ങളും വില്ലേജ് ഓഫിസിലില്ല. വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ഗുണഭോക്താക്കള്‍ക്ക് ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും നിലവിലെ അവസ്ഥയില്‍ ഒരുക്കാനാകില്ല.
വില്ലേജ് ഓഫിസിനായി പ്രത്യേക സ്ഥലവും കെട്ടിടവും ഒരുക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. എന്നാൽ, ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിന്‍റെ ഇടപെടല്‍ വൈകുകയാണ്. കൊണ്ടോട്ടിയില്‍ റവന്യൂ ബ്ലോക്ക് ആരംഭിക്കുന്നതോടെ നെടിയിരുപ്പ് വില്ലേജ് ഓഫിസും ഇതിലേക്ക് മാറ്റണമെന്ന ആവശ്യമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.