അപകടക്കെണിയായി നെടിയിരിപ്പ് കോളനി-മിനി ഊട്ടി റോഡ്
text_fieldsകൊണ്ടോട്ടി: തീര്‍ത്തും തകര്‍ന്നടിഞ്ഞ നെടിയിരിപ്പ് എന്‍.എച്ച് കോളനി -മിനി ഊട്ടി റോഡ് യാത്രികര്‍ക്ക് അപകടക്കെണിയാകുന്നു. ചെങ്കുത്തായ കയറ്റവും ഇറക്കവും വളവുകളുമുള്ള പാതയില്‍ അനിവാര്യമായ അറ്റകുറ്റപ്പണികളില്ലാത്തതിനാല്‍ ടാര്‍ അടര്‍ന്ന് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മിനി ഊട്ടിയിലേക്കുള്ള യാത്രികർക്കും വിദ്യാര്‍ഥികളടക്കമുള്ള തദ്ദേശീയർക്കും ഇത് പ്രയാസമുണ്ടാക്കുന്നു. കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ വ്യാപകമായ പ്രദേശത്തെ പ്രധാന പാത കാല്‍നടയാത്രക്കു പോലും ഉപകരിക്കാത്ത വിധത്തിലാണ് തകര്‍ന്നിരിക്കുന്നത്. ക്വാറികളിലേക്കും തിരിച്ചും വലിയ ലോറികള്‍ നിരന്തരം കടന്നുപോകുമ്പോള്‍ പാതയുടെ തകര്‍ച്ച അനുദിനം വർധിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
രാവിലെയും വൈകീട്ടും നിരവധി സ്കൂള്‍ ബസുകള്‍ കടന്നുപോകുന്ന പാത കൂടിയാണിത്. നാട്ടുകാരും മിനി ഊട്ടിയിലേക്കുള്ള സഞ്ചാരികളുമായി ഇരുചക്ര വാഹനങ്ങളിലും കാറുള്‍പ്പെടെ ചെറു വാഹനങ്ങളിലും പോകുന്നവര്‍ റോഡിലെ കുഴികളിൽ ചാടി അപകടത്തില്‍പ്പെടുന്നത് ആവര്‍ത്തിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പ്രധാന ഗ്രാമാന്തര പാതയില്‍ വലിയ വളവുകളുള്ള ഭാഗത്താണ് കാര്യമായ തകര്‍ച്ച. പാത നവീകരണം അനിവാര്യമായ പ്രാധാന്യത്തോടെ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പും അവഗണിക്കുകയാണെന്ന പരാതിയും വ്യാപകമായുണ്ട്. റോഡ് തകര്‍ച്ച മുന്‍നിര്‍ത്തി സൂചന ഫലകം സ്ഥാപിക്കാനും നടപടിയുണ്ടായിട്ടില്ല. മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയോടുള്ള അവഗണനക്കെതിരെ പ്രതിഷേധവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.