വോട്ടിന് നോട്ട്; സ്വതന്ത്ര സ്ഥാനാർഥിക്ക് എതിരെ പരാതി
text_fieldsകൊണ്ടോട്ടി: സ്വതന്ത്രസ്ഥാനാർഥി വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. കൊണ്ടോട്ടി നഗരസഭ 28ാം വാർഡ് ചിറയിലിൽ സ്വതന്ത്രനായി മത്സരിക്കുന്ന താജുദ്ദീൻ മുഹമ്മദ് എന്ന കുഞ്ഞാപ്പുവിനെതിരെയാണ് വാർഡിലെ വോട്ടറായ ചിറയിൽ ചെറുവണ്ണിത്തടം വൈത്തലപ്പറമ്പിൽ വീട്ടിൽ പി. ഹംസക്കുട്ടി റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയത്.
താജുദ്ദീൻ പണമെടുത്ത് നൽകുന്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ വ്യാഴാഴ്ച സ്ഥാനാർഥി വീട്ടിലെത്തി തെൻറ ഭാര്യയെ കണ്ട് വോട്ട് അനുകൂലമായി ചെയ്യണമെന്നാവശ്യപ്പെടുകയും പ്രതിഫലമായി പണം നൽകാൻ തയാറാണെന്ന് പറയുകയും ചെയ്തതായി ഹംസക്കുട്ടി പറഞ്ഞു. തുടർന്ന് തുക പോക്കറ്റിൽനിന്നെടുത്ത് ഭാര്യക്ക് നൽകാൻ ശ്രമിച്ചു.
എന്നാൽ, അവരത് വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് താജുദ്ദീൻ ഫോണിൽ ബന്ധപ്പെട്ട് തെൻറ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയും നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രാത്രി വീട്ടിലെത്തിയ താജുദ്ദീൻ ക്വാർട്ടേഴ്സിൽ തനിക്ക് താമസിക്കുന്നതിനെക്കുറിച്ചും സ്ഥലം വാങ്ങുന്നതിനെക്കുറിച്ചും എന്നോട് സംസാരിച്ചതായി ഹംസക്കുട്ടി പറഞ്ഞു. വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടുകൾ നൽകാൻ ശ്രമിക്കുകയുണ്ടായെന്നും താൻ അത് നിരസിക്കുകയായിരുന്നെന്നും പരാതിയിൽ പറഞ്ഞു.
താജുദ്ദീെൻറ പ്രവൃത്തി നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് അഴിമതിയുമാണെന്നും അടിയന്തര നിയമനടപടി വേണമെന്നുമാവശ്യപ്പെട്ടാണ് റിട്ടേണിങ് ഓഫിസർക്ക് പി. ഹംസക്കുട്ടി പരാതി നൽകിയത്. താജുദ്ദീൻ പണം നൽകാൻശ്രമിക്കുന്ന വിഡിയോ കുടുംബം റെക്കോഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് ഈ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. എൽ.ഡി.എഫും യു.ഡി.എഫും നേരിട്ട് ഏറ്റമുട്ടുന്ന ഇവിടെ വാശിയേറിയ മത്സരമാണ്. എന്നാൽ, ഹംസക്കുട്ടി തനിക്കുവേണ്ടി ബാനർ കെട്ടിയതിനും പോസ്റ്റർ ഒട്ടിച്ചതിനുമുള്ള കൂലിയായാണ് പണം നൽകിയതെന്നും ഭാര്യയുടെ വോട്ടുറപ്പിക്കാൻ ഹംസക്കുട്ടിതന്നെയാണ് വീട്ടിലേക്ക് ക്ഷണിച്ചതെന്നും താജുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.