എയർപോർട്ട് സ്കൂളിലെ ജുമുഅ വിലക്കിനെതിരെ രക്ഷിതാക്കള്‍ രംഗത്ത്
text_fieldsകൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവള അതോറിറ്റിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനുള്ള അവസരം നിഷേധിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കോവിഡിനുമുമ്പ് സ്കൂള്‍ വാഹനത്തില്‍ കുട്ടികളെ പള്ളികളില്‍ എത്തിക്കാനുള്ള സൗകര്യം വിദ്യാലയത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. കോവിഡാനന്തരമുള്ള പുതിയ അധ്യയനവര്‍ഷത്തില്‍ ഈ സൗകര്യം നിഷേധിച്ചതിനെതിരെയാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയത്. പുതിയ സാഹചര്യത്തില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യമൊരുക്കമെന്നായിരുന്നു ധാരണയെന്നും ഇത് വിദ്യാലയധികൃതര്‍ ലംഘിച്ചെന്നുമാണ് രക്ഷിതാക്കളുടെ പരാതി. വ്യക്തികൾക്ക് ആരാധന നടത്താൻ ഭരണഘടന നൽകുന്ന മൗലികാവകാശം നിഷേധിക്കുന്ന അധികൃത സമീപനം രക്ഷിതാക്കള്‍ ചോദ്യം ചെയ്തത് വിദ്യാലയത്തില്‍ സംഘർഷത്തിനിടയാക്കി. സംയുക്തമായെടുത്ത തീരുമാനം ലംഘിക്കുന്ന സമീപനം സ്കൂള്‍ അധികൃതര്‍ തുടര്‍ന്നാല്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ അറിയിച്ചു. വിഷയം സങ്കീര്‍ണ്ണമായതോടെ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പ്രശ്‌നത്തില്‍ ഇടപെട്ടു. സ്കൂള്‍ അധികൃതരുമായും രക്ഷിതാക്കളുമായും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
ഭരണഘടന വിരുദ്ധം -എസ്.ഐ.ഒ
മലപ്പുറം: കാലിക്കറ്റ് എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ള സീനിയർ സെക്കൻഡറി സി.ബി.എസ്.ഇ സ്കൂൾ ഇസ്ലാം മതത്തിന്‍റെ നിർബന്ധ കർമമായ ജുമുഅക്ക് മുസ്ലിം വിദ്യാർഥികളെ വിടാതിരിക്കുന്നത് ഭരണഘടന നൽകുന്ന മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്ന് എസ്.ഐ.ഒ ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഒരു മതത്തോടുള്ള സ്കൂൾ മാനേജ്മെന്റിന്‍റെ പ്രകടമായ വിവേചനമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ, സെക്രട്ടറി യു. മുബാരിസ്, ജോയന്‍റ് സെക്രട്ടറിമാരായ അസ്‌ലം പടിഞ്ഞാറ്റുമുറി, സഹൽ ബാസ്, ഷിബിലി മസ്ഹർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.