കാലംതെറ്റി വന്ന മഴ: സർവത്ര നാശം
text_fieldsകൊണ്ടോട്ടി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ കാരണം നെല്ല് കൊയ്തെടുക്കാനാവാതെ കര്‍ഷകര്‍. നെടിയിരുപ്പ് കൃഷിഭവന് പരിധിയിൽ മുസ്ലിയാരങ്ങാടി പാടശേഖരത്തിലെ 15 ഏക്കറോളം വരുന്ന നെല്‍പ്പാടമാണ് കഴിഞ്ഞ ദിവസമുണ്ടായ വെള്ളം കയറി കൊയ്ത്ത് മെഷീന് ഇറങ്ങാന്‍ പറ്റാത്ത രീതിയില്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. വരുംദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ കര്‍ഷകര്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടാക്കും.
വയലില്‍ വെള്ളം തളം കെട്ടി നില്‍ക്കുകയാണ്. ഇതുകാരണം വയലില്‍ മെഷീന് ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിലവില്‍ കൃഷിഭവനില്‍നിന്നു നല്കിയ ഉമ വിത്ത് കാരണമാണ് നെല്ല് വീഴാതെ നില്‍ക്കുന്നത്. കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ രത്നാകരന്, കൃഷി ഓഫിസര്‍ ബാബു ഷക്കീര്‍ തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചു. പാടശേഖരം കണ്‍വീനര്‍ ഹംസഹാജി, ചോലമുക്ക് കൃഷ്ണന്, അലവിക്കുട്ടി തുടങ്ങിയവരുടെ കൃഷിയാണ് വെള്ളത്തിനടിയിലായത്. വര്‍ഷങ്ങളായി യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കുന്ന വയലുകളാണിത്.
നശിച്ചത് ഏക്കർ കണക്കിന് നെൽകൃഷി
പാണ്ടിക്കാട്: കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കാലംതെറ്റിയ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. പാടത്ത് കൊയ്തിട്ട നെൽക്കറ്റകൾ വെള്ളം നിറഞ്ഞും കൊയ്യാത്തവ മറിഞ്ഞുവീണുമാണ് നാശമുണ്ടായത്. പാണ്ടിക്കാട് പൂളമണ്ണയിലെ ടി.വി. സുരേഷിെൻറ ഒന്നര ഏക്കർ ഭൂമിയിലെയും തൊണ്ടിയിൽ ഹംസ ഹാജിയുടെ 80 സെൻറ് ഭൂമിയിലെയും നെൽകൃഷിയാണ് നശിച്ചത്. പ്രതിസന്ധികൾക്കിടയിലും മേഖലയിൽ നെൽകൃഷി ചെയ്യുന്ന അപൂർവം കർഷകർക്കും തിരിച്ചടിയായി മാറിയിരിക്കുകയാണ് മഴ.
കാട്ടുപന്നി ശല്യത്തോടൊപ്പം വയലുകളിൽ വെള്ളം അമിതമായി എത്തിയതോടെ കൊയ്ത്തിന് പാകമായ രണ്ടേക്കറിലേറെ വരുന്ന നെൽകൃഷിയാണ് നശിച്ചത്. റിട്ട. ഹൈസ്കൂൾ പ്രധാനാധ്യാപകനായ ടി.വി. സുരേഷ് നെൽകൃഷി പാരമ്പര്യമായി ചെയ്യുന്ന കർഷകനാണ്. കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.