അപൂര്‍വ ഭൂഗര്‍ഭജല മത്സ്യം കിണറ്റില്‍ വിരുന്നെത്തി
text_fieldsകൊണ്ടോട്ടി: ഭൂഗര്‍ഭ ജലാശയങ്ങളില്‍ മാത്രം കാണുന്ന മത്സ്യം മലപ്പുറം ചെറുകാവിലെ കൊട്ടപ്പുറം പാറമ്മല്‍ കുഴിപ്പള്ളി ഷാജിയുടെ വീട്ടു കിണറ്റിൽ വിരുന്നെത്തി. 'മോണോപ്‌ടെറസ് ഡിഗ്രസ്സസ്' ഭൂഗര്‍ഭജല മത്സ്യത്തെയാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയത്. മണ്ണിരയെപ്പോലെ തോന്നുന്ന മത്സ്യത്തെ കൂടുതല്‍ വ്യത്യസ്തതകള്‍ തോന്നിയതിനാല്‍ ഷാജി മാറ്റിവെക്കുകയായിരുന്നു.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസര്‍ ഡോ. എം. അലി അക്ഷദാണ് മത്സ്യത്തെ തിരിച്ചറിഞ്ഞത്. ഭൂമിക്കടിയിലുള്ള ഉറവകളിലൂടെയാണ് ഇവ കിണറുകളില്‍ എത്തുന്നത്. ശരീരം മുഴുവനായും കൊഴുപ്പിന്റെ ആവരണം ഉള്ള ഇവക്ക് ഏതു പ്രതികൂല സാഹചര്യങ്ങളിലും ജീവിക്കാനാകും. കാഴ്ചയില്ലാത്ത മത്സ്യത്തിന് ചുവപ്പ് നിറമാണ്.
ജലത്തില്‍ കാണപ്പെടുന്ന പ്ലവങ്ങള്‍, പായലുകള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. മത്സ്യത്തെ വിദ്യാർഥികളുടെ പഠനാവശ്യത്തിന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ജന്തുശാസ്ത്ര വിഭാഗത്തിന് കൈമാറുമെന്ന് ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.