കുടിവെള്ള പദ്ധതിക്ക് റോഡ് വെട്ടിപ്പൊളിച്ചു; വര്‍ഷങ്ങളായിട്ടും വെള്ളവുമില്ല, വഴിയുമില്ല
text_fieldsകൊണ്ടോട്ടി: കനക്കുന്ന മഴയും വെള്ളക്കെട്ടും കൊണ്ടോട്ടിയില്‍ ഭീഷണിയാകുമ്പോള്‍ നഗരത്തിന്റെ ഓരം ചേര്‍ന്നുള്ള നീറാട് നെല്ലിക്കുന്ന് നിവാസികള്‍ കുടിവെള്ളത്തിനായി നാടലയുന്നു. ചീക്കോട് കുടിവെള്ള പദ്ധതിയിലുള്‍പ്പെടുത്തി വെള്ളമെത്തിക്കാന്‍ പൈപ്പിടാൻ പ്രദേശത്തേക്കുള്ള റോഡ് വെട്ടിപ്പൊളിച്ചെന്നല്ലാതെ ഈ മഴക്കാലത്തും വെള്ളവും വഴിയുമില്ലാതെ വലയുകയാണ് തദ്ദേശീയര്‍.
കുടിവെള്ളം ലഭിക്കുന്നതിന് രേഖകൾ ശരിപ്പെടുത്തുകയും പണമടക്കുകയും ചെയ്തിട്ടും പ്രദേശത്തേക്ക് വെള്ളമെത്തിക്കാനുള്ള നടപടികളുണ്ടായിട്ടില്ലെന്നും കുടിവെള്ള വിതരണ പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചതിലെ അപാകതയാണ് പ്രശ്നകാരണമെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളം കിട്ടിയില്ലെന്നു മാത്രമല്ല ഉള്ള വഴിയും ഇല്ലാതായ ഗതികേടാണ് നെല്ലിക്കുന്നിലേത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കീറിമുറിച്ച റോഡ് പൂര്‍വ സ്ഥിതിയിലാക്കിയിട്ടില്ല.
തകര്‍ന്നു കിടക്കുന്ന നീറാട്-നെല്ലിക്കുന്ന് വാഹന ഗതാഗതം ദുഷ്കരമാണ്. മഴ ശക്തിയാര്‍ജിക്കുന്നതോടെ ഇതുവഴി കാല്‍നടയാത്രയും പ്രയാസത്തിലാകും.
റോഡ് പൂര്‍വ സ്ഥിതിയാക്കാനുള്ള തുക നഗരസഭക്ക് നേരത്തെതന്നെ നല്‍കിയെന്നാണ് ജല അതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരമെന്നും കുടിവെള്ള പദ്ധതിക്കായി നഗരസഭ പരിധിയില്‍ വെട്ടിപ്പൊളിച്ച നിരവധി റോഡുകള്‍ ഇതിനകം നന്നാക്കിയെങ്കിലും നീറാട്-നെല്ലിക്കുന്ന് റോഡിനെ അവഗണിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വെള്ളവും സഞ്ചാരമാർഗവും ഉറപ്പാക്കാത്തപക്ഷം ജനകീയ സമരത്തിനൊരുങ്ങുകയാണ് തദ്ദേശീയര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.